ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ കൊല്ലം സ്വദേശിയായ പ്രവാസി അപകടത്തിൽ മരിച്ചു

Advertisement

റിയാദ്: പുതിയ വീടുവെച്ച്​ അവിടെ താമസമാക്കുന്നതിനുള്ള ചടങ്ങിനായി റിയാദിൽ നിന്ന്​ നാട്ടിലെത്തിയ മലയാളി അപകടത്തിൽ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ (36) ആണ് മരിച്ചത്.

പുതിയ വീട്ടിലേക്കുള്ള ഫർണിച്ചർ വാങ്ങി മടങ്ങവേ ശ്യാംകുമാറിന്റെ ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 2.30-ഓടെ തഴുത്തല പി.ജെ. ജങ്​ഷനിലായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയ ശ്യാം കുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിയാദിൽ കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ 11 വർഷമായി സൗദിയിലുള്ള ശ്യാംകുമാർ റിയാദിലെ മലസിലാണ്​ താമസിച്ചിരുന്നത്​. ഏപ്രിൽ ഏഴിനാണ്​ ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് പോയത്. 10-നായിരുന്നു ഗൃഹപ്രവേശനം. ഭാര്യ: നയന. മക്കൾ: ആദിദേവ്, ആദികേശ്.