ആൽബം ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായകനാണ് കൊല്ലം ഷാഫി. വേറിട്ട ശബ്ദവുമായെത്തിയ ഷാഫി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയായിരുന്നു. കലാരംഗത്ത് സ്വന്തമായി മേൽവിലാസം നേടിയെടുക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. നിരവധി വിമർശനങ്ങളും ഒറ്റപ്പെടുത്തലുകളും അതിജീവിക്കേണ്ടി വന്നിരുന്നു. കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയാണ് കൊല്ലം ഷാഫി.
‘ഗാനമേളകളിൽ പാടിത്തുടങ്ങിയ കാലമാണ്. ഹിന്ദി പാട്ടുകളോട് പ്രത്യേക ഇഷ്ടമുള്ളതുകൊണ്ട് സ്റ്റേജ് പ്രോഗ്രാമുകളിൽ അധികം പാടിയിരുന്നത് ഹിന്ദി പാട്ടുകളായിരുന്നു. ഒരിക്കൽ ഒരു ഗാനമേളയിൽ ഹിന്ദിപ്പാട്ട് പാടി. ഹിന്ദി, തമിഴ് പാട്ടുകൾ പാടാൻ ഒരു പാട്ടുകാരൻ കൂട്ടത്തിലുണ്ട്. ഞാൻ ഹിന്ദിപ്പാട്ട് പാടിയത് പുള്ളിക്കാരന് ഇഷ്ടപ്പെട്ടില്ല.
പാടിക്കഴിഞ്ഞ് വെള്ളം ചോദിച്ച് ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു. വെള്ളം കുടിച്ചുകൊണ്ടിരുന്ന അയാൾ ദേഷ്യത്തോടെ ഗ്ലാസിലേക്ക് കാർക്കിച്ച് തുപ്പി ഗ്ലാസ് താഴേക്കെറിഞ്ഞു. ”വേണമെങ്കിൽ കഴുകിക്കുടിച്ചോ” എന്നും പറഞ്ഞു. ഒരിക്കലും മറക്കാൻകഴിയാത്ത ഒരനുഭവമായിരുന്നു അത്.
ആൽബം പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ കാലത്ത് മുൻഗാമികളായ പാട്ടുകാരുടെ ചീത്തവിളി ഞാൻ കേട്ടിട്ടുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരിൽ അവഹേളനങ്ങൾ അനുഭവിച്ച ഒരുപാട് കലാകാരന്മാർ അക്കാലത്തുണ്ടായിരുന്നു’- കൊല്ലം ഷാഫി ഒരു വനിതാ പ്രസിദ്ധീകരണത്തിന് നൽകിയ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.