‘ഉച്ചഭക്ഷണം പാഴാക്കിയാൽ പിഴ’; ജീവനക്കാർക്ക് മുന്നറിയിപ്പുമായി നഗരസഭ

Advertisement

തൃശൂർ: ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരിൽ പിഴ ഈടാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് നഗരസഭ. നിരവധി ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാതെ കളയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്. വടക്കാഞ്ചേരി നഗരസഭയാണ് ജീവനക്കാർക്ക് 100 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പല ജീവനക്കാരും ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാൻ പാടില്ലെന്നും ഓഫീസിൽ മാത്രമല്ല വീട്ടിലും നിർദേശം പാലിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ഉത്തരവ് നടപ്പാക്കാൻ നഗരസഭ ക്ലീൻ സിറ്റി മാനേജരായ കെ.ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണശേഷം അവശേഷിക്കുന്ന വേസ്റ്റുകൾ മാത്രമേ മാലിന്യ പാത്രത്തിൽ നിക്ഷേപിക്കാവൂ എന്നും ഉത്തരവിൽ നിർദേശിക്കുന്നു.

Advertisement