‘മോളേ… ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓർമകളാണ്’; നെഞ്ച് നുറുങ്ങി ചിത്ര, കുറിപ്പ് വൈറൽ

Advertisement

അകാലത്തിൽ വേർപെട്ട മകൾ നന്ദനയുടെ ഓർമകളിൽ വിതുമ്പി ഗായിക കെ.എസ്.ചിത്ര. നന്ദനയുടെ ഓർമദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കിട്ട് ആരാധകരെ കണ്ണീരണിയിക്കുകയാണ് ചിത്ര.‌ മനസ്സു നിറയെ മകളെക്കുറിച്ചുള്ള ഓർമകളാണെന്നും അത് എന്നും മായാതെ നിലനിൽക്കുമെന്നും ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘ഞങ്ങളുടെ ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓർമകളാണ്. അഭിമാനത്തോടെ ഞങ്ങൾ നിന്നെക്കുറിച്ചു സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ്. അത് ഒരിക്കലും ഒരുപോലെയായിരിക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനമോളെ സ്നേഹത്തോടെ സ്മരിക്കുന്നു’, ചിത്ര കുറിച്ചു.

ചിത്രയുടെ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. മകളുടെ എല്ലാ പിറന്നാളിനും ഓർമ ദിനത്തിലും ചിത്ര പങ്കുവയ്ക്കുന്ന നൊമ്പരക്കുറിപ്പ് ആരാധകരെയും വേദനിപ്പിക്കാറുണ്ട്. മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനയെക്കുറിച്ച് മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ ചിത്ര വെളിപ്പെടുത്തിയിരുന്നു.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാൾ നീണ്ടു നിന്നില്ല. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.