കേരളത്തിലെ അസാധാരണ ചൂട്: സൗദിയിലെയും ആഫ്രിക്കയിലെയും ഉഷ്ണക്കാറ്റിനും പങ്കെന്ന് വിദഗ്ധർ

Advertisement

തിരുവനന്തപുരം: കേരളത്തിലെ അസാധാരണ താപനിലയ്ക്കു പിന്നിൽ ആഫ്രിക്കയിലെയും സൗദി അറേബ്യയിലെയും മരുഭൂപ്രദേശത്തു നിന്നുള്ള ഉഷ്ണക്കാറ്റിനും പങ്കുള്ളതായി നിരീക്ഷകർ. പശ്ചിമതീരം വഴി കേരളത്തിൽ എത്തുന്ന ഈ തീക്കാറ്റാണ് ഉത്തര കേരളത്തിൽ പലയിടത്തും താപനില 40 ഡിഗ്രിയും കടന്നു മുന്നേറാൻ കാരണമെന്നു കരുതപ്പെടുന്നു.

അറബിക്കടലിന്റെ ഉപരിതല താപം ഏകദേശം 31 ഡിഗ്രി സെൽഷ്യസാണ്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി രാത്രികാല താപനില 27 ഡിഗ്രിയും. കടലും കരയും ഏതാണ്ട് ഒരുപോലെ ചുട്ടുപഴുത്ത സ്ഥിതി. ഇതുമൂലം കടലിൽ നിന്നു കരയിലേക്കും തിരികെയുമുള്ള വായുസഞ്ചാരം സജീവമല്ല. പുലർച്ചെ പോലും ഇത് അത്യുഷ്ണം അനുഭവപ്പെടുന്നതിന്റെ ഒരു കാരണം ഇതാണെന്ന് ശാസ്ത്ര നിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറഞ്ഞു.

പശ്ചിമേഷ്യയിൽ നിന്നുള്ള കാറ്റിന്റെ നിലവിലുള്ള ദിശ മാറാതെ കേരളത്തിലെ അഗ്നിപരീക്ഷയ്ക്കു ശമനമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇതിനു കുറഞ്ഞത് 10 ദിവസമെങ്കിലും വേണം. ദക്ഷിണ ധ്രുവത്തിൽ നിന്നുള്ള തണുത്ത കാറ്റ് എത്തിയാൽ സ്ഥിതി അൽപമെങ്കിലും മെച്ചപ്പെടും. വായുസഞ്ചാരം കുറവായതിനാൽ വാർക്ക വീടുകൾക്കുള്ളി‍ൽ പുറത്തെ അപേക്ഷിച്ച് 4 ഡിഗ്രി വരെ താപസൂചിക ഉയർന്നിരിക്കുന്നതും അസ്വസ്ഥത സൃഷ്ടിക്കും. നഗരപ്രദേശങ്ങളിൽ വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള നിർമാണം മൂലം താപത്തുരുത്തുകളും രൂപപ്പെടുന്നു. ഇതിനു പുറമെയാണ് വാഹന എസികളിൽ നിന്നും മറ്റുമുള്ള പുറന്തള്ളൽ.

സംസ്ഥാനത്ത് വെയിലിലെ അൾട്രാവയലറ്റ് (യുവി) തോത് പതിവിലും ഉയർന്ന നിലയിലാണ്. 12 യൂണിറ്റിലും അധികമാണ് സംസ്ഥാനത്ത് പലയിടത്തും യുവി എന്ന് കൊച്ചി സർവകലാശാലയിലെ ഡോ.എസ്.അഭിലാഷ് പറഞ്ഞു. 11നു മുകളിൽ കടക്കുന്നതു തന്നെ അതിതീവ്രമാണെന്നിരിക്കെയാണ് കേരളം ഉൾപ്പെടെ പല മധ്യരേഖാ സമീപ പ്രദേശങ്ങളിലും ഇത്രയും ഉയർന്ന തോതിലുള്ള വികിരണം.

വെയിലു കൊണ്ടാ‍ൽ ശരീരത്തിനു പുകച്ചിലോ നീറ്റലോ അനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. അധികമായാൽ കണ്ണിനെയും ത്വക്കിനെയും ബാധിക്കും. സൂര്യാതപ സാധ്യതയുമുണ്ട്. 11 മുതൽ മൂന്ന് മണിവരെ വെയിലേ‍ൽക്കാതിരിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. യുവി നിരീക്ഷണത്തിനു കൂടി സംവിധാനം എർപ്പെടുത്താനുള്ള ആലോചനയിലാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

Advertisement