കണ്ണൂർ: മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ മാതാവിനെതിരെ സർക്കിൾ ഇൻസ്‌പെക്ടർ നടത്തിയ പരാക്രമം ചർച്ചയാവുന്നു. കണ്ണൂർ ധർമ്മടം സി.ഐ സ്മിതേഷിനെതിരെയാണ് ആക്ഷേപമുയർന്നിരിക്കുന്നത്. സ്റ്റേഷനിലെത്തിയ മാതാവിനെ ഇയാൾ തള്ളിയിട്ടതായും ലാത്തി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം.
ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത അനിൽകുമാറിനെ ജാമ്യത്തിൽ ഇറക്കുന്നതിനായി സ്‌റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനുമെതിരെയാണ് സി.ഐ സ്മിതേഷ് മോശമായി പെരുമാറിയത്. ഒരു വാഹനത്തിൽ തട്ടിയെന്ന പരാതിയിലാണ് അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് അറിയുന്നത്.
അനിൽകുമാറിന്റെ അമ്മയെ ഇയാൾ തള്ളിയിട്ടതായി ആരോപണമുണ്ട്. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ട് ഇയാൾ ആക്രോശിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. സ്‌റ്റേഷനിലെ വനിതാ പൊലീസ് അടക്കമുള്ളവർ ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അനുസരിക്കുന്നില്ല.
നിലത്ത് കിടക്കുന്ന സ്ത്രീ ഹൃദ്രോഗിയാണെന്ന് സമീപത്തുള്ളവർ പറയുന്നുണ്ടെങ്കിലും അമ്മയെ എടുത്തിട്ട് പോയില്ലെങ്കിൽ എല്ലാത്തിനെയും ചവിട്ടുമെന്നാണ് ഇയാൾ ആക്രോശിക്കുന്നത്. ഇവർക്കെതിരെ മോശം വാക്കുകൾ പ്രയോഗിച്ചതായും ഇവർ വന്ന വാഹനത്തിന്റെ ചില്ല് ലാത്തി ഉപയാഗിച്ച് തകർത്തതായും പരാതിയുണ്ട്. സംഭവത്തിൽ തലശ്ശേരി എ.എസ്.പിയ്ക്ക് പരാതി നൽകിയിരിക്കുകയാണ്.