തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും രണ്ട് കോടി രൂപ വിതരണം ചെയ്യാൻ ഉത്തരവ്. അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും നല്കുന്നതിന് വ്യവസായിയായ എം.എ യൂസഫലി ( ലുലു ഗ്രൂപ്പ്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയ രണ്ടു കോടി രൂപ വിനിയോഗിക്കാനാണ് നിർദേശം. ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഉത്തരവിട്ടത്.
2016 ലാണ് പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നത്. അതിൽ മരണപ്പെട്ട 109 പേരുടെ ആശ്രിതർക്ക് ഒരുലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റ 209 പേർക്ക് 30,000 രൂപ വീതവും നിസാര പരിക്കേറ്റ 202 പേർക്ക് 14,000 രൂപ വീതവും നൽകാനാണ് ഉത്തരവ്. തുക വിതരണം ചുമതല കൊല്ലം കലക്ടർക്കാണ്. കലക്ടർ ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടി ഒരാഴ്ചക്കകം സർക്കാരിനെ അറിയിക്കണമെന്നാണ് ഉത്തരവ്. ലുലു ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയ രണ്ടുകോടി രൂപയിൽ നിന്നാണ് തുക വിതരണം ചെയ്യുന്നത്.
പുറ്റിങ്ങൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർ. ഗുരുതരമായി പരിക്കേറ്റവർ, വീട് നഷ്ടപ്പെട്ടവർ എന്നിവരുടെ പട്ടിക ലഭ്യമാക്കുവാൻ ഒരു സ്ഥലപരിശോധന നടത്തി ഇവരിൽ ഇപ്പോഴും ജീവിതം തിരിച്ചുപിടിച്ചിട്ടില്ലാത്തവരും,സഹായം ആവശ്യമായവരെയും അവർക്ക് ഈ രണ്ടു കോടി രൂപയിൽ നിന്ന് ധനസഹായം നൽകാൻ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ശുപാർശ സമർപ്പിക്കാൻ ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണറെയും കൊല്ലം കലക്ടറെയും ചുമതലപ്പെടുത്തിയിരുന്നു.
ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുമായി കൊല്ലം കലക്ടർ ചർച്ച നടത്തി. ആകെ 520 പേർക്ക് ആകെ 1,99,98,000 രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു.