കൊച്ചി: കേരളത്തിലെ ആദ്യ ത്രീ-ഡി കണങ്കാൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കണങ്കാലിലെ ക്ഷതമേറ്റ തരുണാസ്ഥി, സന്ധി മാറ്റി വയ്ക്കാതെ തന്നെ പുനസ്ഥാപിച്ച അപൂർവ ശസ്ത്രക്രിയാണ് കൊച്ചിയിൽ നടന്നത്.
വാഹനപകടത്തിൽ കണങ്കാലിനു ഗുരുതരമായി പരിക്കേറ്റ കൊച്ചി സ്വദേശിയും, ഗോവ ഐഐടി വിദ്യാർഥിയുമായ 28കാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ യുവാവിന്റെ കണങ്കാൽ സന്ധിയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കി. പ്രമുഖ ഫൂട്ട് ആന്റ് ആങ്കിൾ സർജൻ ഡോ.രാജേഷ് സൈമൺ, ഫിഫ മെഡിക്കൽ സെന്റേഴ്സ് ഓഫ് എക്സലൻസിലെ വിദഗ്ധൻ പ്രൊഫ. നീക് വാൻ ഡിക് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സന്ധി മാറ്റിവയ്ക്കൽ ഒഴിവാക്കാൻ സഹായിക്കുന്ന മികച്ച ബദലാണിതെന്നും, കണങ്കാലിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനും വേദന ഇല്ലാതാക്കാനും ഈ നൂതന ശസ്ത്രക്രിയ സഹായിക്കുമെന്നും ഡോ. രാജേഷ് സൈമൺ പറഞ്ഞു.
കണങ്കാൽ, കാൽമുട്ട് സന്ധികളിലേൽക്കുന്ന പരുക്കുകളാണ് ഈ ചികിത്സയിലൂടെ സുഖപ്പെടുത്തുന്നത്. ഈ സന്ധികളിലെ ഒടിഞ്ഞതോ ചതഞ്ഞതോ ആയ തരുണാസ്ഥികൾ 3D വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച് സന്ധികളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കുന്നു. സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്ത എപി സീലർ ഇംപ്ലാന്റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്.