വിഷു ബമ്പര്‍ ‘ഷെയറിട്ട്’ എടുക്കുന്നവര്‍ ശ്രദ്ധിക്കണം

Advertisement

വിഷു ബമ്പര്‍ നറുക്കെടുപ്പ് മെയ് 24നാണ്. കഴിഞ്ഞ വര്‍ഷം വരെ 10 കോടിയായിരുന്നു ബമ്പര്‍ സമ്മാനമെങ്കില്‍ ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. സമ്മാനം ലഭിക്കാനുള്ള ചാന്‍സ് വര്‍ധിപ്പിക്കാന്‍ അടുത്തിടെയായി നടപ്പിലാക്കിവരുന്ന ഒരു രീതിയാണ് ‘ഷെയറിട്ട്’ ലോട്ടറി എടുക്കല്‍. അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഇരട്ടിയോളം ലോട്ടറികള്‍ വാങ്ങിക്കൂട്ടം. സമ്മാനമടിച്ചാല്‍ പങ്കെട്ടെടുക്കും. ഇതാണ് രീതി. എന്നാല്‍ ലോട്ടറി ടിക്കറ്റുകള്‍ ഷെയറിട്ട് എടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ലോട്ടറി ടിക്കറ്റുകള്‍ കൂട്ടം ചേര്‍ന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നല്‍കുകയില്ല. അതിനാല്‍ ഷെയറിട്ട് ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കുകയാണെങ്കില്‍ അവര്‍ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തില്‍ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ഇത്തരത്തില്‍ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
300 രൂപയാണ് ടിക്കറ്റ് വില. വിഷു ബമ്പര്‍ ഒന്നാം സമ്മാനമടിച്ച വ്യക്തിക്ക് 12 കോടി രൂപയും കൈയില്‍ ലഭിക്കില്ല. കഴിഞ്ഞ വര്‍ഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടി രൂപയാണ് കൈയില്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ നികുതിയും ഏജന്‍സി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാല്‍ 12 കോടി ലഭിക്കുന്ന ഈ വര്‍ഷത്തെ ഭാഗ്യവാന് കൈയില്‍ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.

Advertisement