കണ്ണൂർ എത്താൻ‌ 7 മണിക്കൂർ 10 മിനിറ്റ്; ജനശതാബ്ദിയേക്കാൾ 2 മണിക്കൂർ 25 മിനിറ്റ് ലാഭം

Advertisement

തിരുവനന്തപുരം: കേരള തലസ്ഥാനത്തു നിന്നു യാത്രതിരിച്ച് ഏഴു മണിക്കൂർ 10 മിനിറ്റ് കൊണ്ട് കണ്ണൂരിലേക്കു കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരം. ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാൾ 2 മണിക്കൂർ 25 മിനിറ്റ് സമയ നേട്ടത്തോടെയാണ് വന്ദേഭാരത് എത്തിയത്.

കണ്ണൂരിൽ നിന്ന് 9.20 ന് തിരുവനന്തപുരത്തു മടങ്ങിയെത്താനുള്ള പരീക്ഷണ ഓട്ടം കൂടി വിലയിരുത്തിയ ശേഷമാകും ട്രെയിനിന്റെ ടൈം ടേബിൾ സംബന്ധിച്ച് റെയിൽവേ അന്തിമ തീരുമാനമെടുക്കുക.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ളാറ്റ്ഫോമിൽനിന്ന് കൃത്യം 5.10 ന് വന്ദേഭാരത് യാത്ര തുടങ്ങി. ട്രെയിനിന്റെ വേഗവും ട്രാക്കുകളുടെ ക്ഷമതയും ഉൾപ്പെടെ നിരീക്ഷിച്ച് തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും ട്രെയിനിൽ സഞ്ചരിച്ചു കൊല്ലത്തെത്തിയത് 5.59ന്. 49 മിനിറ്റ് സമയം. കോട്ടയം തൊട്ടത് 7.27ന്, 2 മണിക്കൂർ 17 മിനിറ്റ് സമയത്തിനുളളിലാണ് കോട്ടയം കടന്നത്.
എറണാകുളം എത്താൻ 3 മണിക്കൂർ 18 മിനിറ്റും കോഴിക്കോട് കടക്കാൻ ആറു മണിക്കൂർ എട്ട് മിനിറ്റുമാണ് വേണ്ടി വന്നത്.

തിരുവനന്തപുരം കണ്ണൂർ റൂട്ടിലോടുന്ന ജനശതാബ്ദിക്ക് കോട്ടയമെത്താൻ 2 മണിക്കൂർ 45 മിനിറ്റ് ആണ് വേണ്ടത്. എറണാകുളമെത്താൻ 4 മണിക്കൂർ 10 മിനിറ്റും കോഴിക്കോട് എത്താൻ 7 മണിക്കൂർ 50 മിനിറ്റും വേണം.