അമ്മ മരിച്ചതിന്റെ 15ാം നാള്‍ രണ്ടുമണിക്കൂറിന്റെ ഇടവേളയില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു

Advertisement

തിരുവല്ല: അമ്മ മരിച്ചതിന്റെ 15ാം നാള്‍ രണ്ടുമണിക്കൂറിന്റെ ഇടവേളയില്‍ ദമ്ബതികള്‍ മരിച്ചു. പെരിങ്ങര പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ചാത്തങ്കരി ചാത്തോത്ത് മധു (55), ഭാര്യ ഷൈലമ്മാള്‍ (45) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ പ്രഭാത ഭക്ഷണം കഴിഞ്ഞ് ശൗചാലയത്തിലേക്കുപോയ മധു കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യയും അടുത്തുള്ള ബന്ധുക്കളും ചേര്‍ന്ന് നെടുമ്ബ്രത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇവിടെനിന്നും വീട്ടിലേക്കുമടങ്ങിയ ഷൈല കട്ടില്‍ കിടക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചു. ഒന്‍പതരയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മധുവിന്റെ അമ്മ പാറു (95) ഏപ്രില്‍ രണ്ടിനാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവരുടെ അടിയന്തിരച്ചടങ്ങുകള്‍ നടന്നു. പാറുവിന്റെ സംസ്‌കാരച്ചടങ്ങിനിടെ അടുത്ത വീട്ടില്‍ താമസിക്കുന്ന ഇവരുടെ ബന്ധു പാറുക്കുട്ടി (82)യും മരിച്ചിരുന്നു.

ദമ്ബതിമാരുടെ മരണത്തില്‍ പുളിക്കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഇവര്‍ കഴിച്ച ഭക്ഷണ പദാര്‍ഥങ്ങളുടെ സാമ്ബിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പുളിക്കീഴ് എസ്.ഐ. പറഞ്ഞു. അശ്വിനി, അശ്വിന്‍ എന്നിവരാണ് ദമ്ബതിമാരുടെ മക്കള്‍.