കോയമ്പത്തൂരിലെ കാട്ടുതീകെടുത്താന്‍ അസാധാരണ ദൗത്യവുമായി വ്യോമസേന മലമ്പുഴ ഡാമില്‍

Advertisement

പാലക്കാട്. കോയമ്പത്തൂരിലെ കാട്ടുതീകെടുത്താന്‍ ജലം ശേഖരിക്കാന്‍ അസാധാരണ ദൗത്യവുമായി വ്യോമസേന. സുലൂർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നുള്ള ഹെലികോപ്റ്ററുകളാണ് തീ അണക്കാൻ വെള്ളം ശേഖരിക്കുന്നതിന് ഡാമിലെത്തിയത്. കഴിഞ്ഞ 7 ദിവസമായി മധുക്കര വനമേഖലയിൽ തുടരുന്ന കാട്ടുതീ അണക്കാൻ ആദരവ് അര്‍ഹിക്കുന്ന ദൗത്യമാണ് വ്യോമസേന നടത്തിയത്.

അപ്രതീക്ഷിതമായി മലമ്പുഴ ഡാമിലേക്ക് ഹെലികോപ്റ്റർ പറന്നിറങ്ങി ബാംബി ബക്കറ്റുകളിൽ ഡാമിൽ നിന്നും വെള്ളം ശേഖരിക്കുന്നത് കണ്ട നാട്ടുകാരും വിനോദ സഞ്ചാരികളുമെല്ലാം അത്ഭുതപ്പെട്ടെങ്കിലും പിന്നീടാണ് കാട്ടുതീ അണക്കാനുള്ള വ്യോമസേനയുടെ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞത്

കോയമ്പത്തൂർ മധുക്കര വനമേഖലയിൽ കഴിഞ്ഞ 7 ദിവസമായി കാട്ടുതീ പടരുകയാണ്. തീ നിയന്ത്രിക്കാൻ കോയമ്പത്തൂർ ജില്ലാ ഭരണകുടവും തമിഴ്നാട് വനം വകുപ്പും കഠിന ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. മലമ്പുഴ ഡാമിൽ നിന്നും വെള്ളം ശേഖരിക്കാൻ കേരള ചീഫ് സെക്രട്ടറിയും അനുമതി നല്കിയതോടെ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ നിമിഷ നേരം കൊണ്ട് ഡാമിൽ പറന്നിറങ്ങി വെള്ളം ശേഖരിച്ചു. ഒരു തവണ 6000 ലിറ്റർ വെള്ളമാണ് കോരിഎടുക്കുന്നത്. തീ പടരുന്ന വനമേഖലയിൽ ഇത് ഒഴിച്ചു. ഏതാനും മണിക്കൂറുകൾക്കകം തീ നിയന്ത്രണ വിധേയമാക്കി. മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തീപ്പിടുത്തമാണിത്. ധാരാളം ജന്തു ജീവജാലങ്ങളുള്ള കാട്ടിലാണ് തീ പടർന്നു പിടിച്ചത്.