വനിതാ ഓഫിസറെ നായയെ അഴിച്ചു വിട്ടു ആക്രമിച്ച സംഭവം അതിക്രൂരം: മന്ത്രി വീണാ ജോർജ്

Advertisement

കൽപറ്റ: മേപ്പാടിയിൽ യുവതിയുടെ ഗാർഹിക പീഡന പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്‌ഷൻ ഓഫിസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർ മായ എസ്.പണിക്കറുമായി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്റെ ഭീകരത ഏൽപ്പിച്ച നടുക്കത്തിലാണ് മായയുള്ളത്.

അന്വേഷണത്തിന് ചെന്ന വീട്ടിൽ സംഭവത്തിൽ പ്രതിയായ ജോസിന്റെ ഭാര്യയുടെ പരാതിയിൽ ആവശ്യമായ നടപടികൾ വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർ എടുത്തിരുന്നു. പിന്നീട് ആവശ്യപ്പെട്ട പ്രകാരം നിയമ സഹായവും ഉറപ്പാക്കി. എന്നാൽ പല തവണ ഫോൺ വിളിച്ചിട്ടും പരാതിക്കാരി എടുക്കാതിരുന്ന സാഹചര്യത്തിലുമാണ് വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർ പരാതിക്കാരിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ വീട്ടിൽ അന്വേഷിച്ചു ചെന്നത്.

അത്രയും ആത്മാർഥതയോടെ സ്വന്തം കർത്തവ്യം ചെയ്യുകയായിരുന്ന ഓഫിസറെയാണ് നായയെ വിട്ട് ആക്രമിച്ചത്. ഉണ്ടായ സംഭവങ്ങൾ കേട്ടുകൊണ്ടിരിക്കാൻ നമുക്കാവില്ല. മായയ്ക്കൊപ്പം ഫാമിലി കൗൺസിലറും ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിയായ ജോസിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഒരു കാരണവശാലും ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിനാൽ കർശനമായി ഇതിനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.