കോഴിക്കോട്: കൊയിലാണ്ടിയിൽ വിഷം കലർന്ന ഐസ്ക്രീം കഴിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ സഹോദരിയെ അറസ്റ്റ് ചെയ്തു. അരിക്കുളം കോറോത്ത് മുഹമ്മദ് അലിയുടെ മകൻ അഹമ്മദ് ഹസ്സൻ റിഫായി ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരി ഐസ്ക്രീം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയാണ് 12 കാരനായ അഹമ്മദ് ഹസൻ റിഫായിയെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പിതൃസഹോദരി കുറ്റം സമ്മതിച്ചു. അരിക്കുളത്തെ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങി. എലിവിഷം സംഘടിപ്പിച്ചത് കൊയിലാണ്ടി ടൗണിലെ കടയിൽ നിന്നെന്ന് ഇവർ മൊഴി നൽകി. എലിവിഷം ഐസ്ക്രീമിൽ കലർത്തിയ ശേഷം അരിക്കുളത്തെ വീട്ടിലെത്തി കുട്ടിക്ക് നൽകി. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ അഹമ്മദ് ഹസൻ തുടർച്ചയായി ഛർദിച്ചിരുന്നു. വിവിധ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും മരിച്ചു. അതെ സമയം കൊലപ്പെടുത്താനുള്ള കാരണം എന്തെന്ന് കൃത്യമായി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഐസ്ക്രീം കഴിച്ച കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.