ശാസ്താംകോട്ട: അടച്ചിട്ടിരുന്ന വീട്ടിൽ നിന്നു 40 പവൻ സ്വർണാഭരണങ്ങളും 2.10 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ ഇരുട്ടിൽത്തപ്പി പൊലീസ്. റിട്ട. പഞ്ചായത്ത് സെക്രട്ടറി ശാസ്താംകോട്ട മനക്കര മണ്ണെണ്ണ മുക്കിനു സമീപം വൃന്ദാവനത്തിൽ ദിലീപ്കുമാറിന്റെ വീട്ടിലാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്.
ദിലീപ്കുമാറും ഭാര്യ മംഗളാംബികയും നാവികസേനയിൽ ഡോക്ടറായ മകൻ ആദർശിനൊപ്പം കൊച്ചിയിൽ പോയി എട്ടിനു രാത്രി മടങ്ങി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ശാസ്താംകോട്ട പൊലീസും റൂറൽ പൊലീസ് ഡാൻസാഫ് ടീമും പ്രത്യേകമായി കേസ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുണിയിൽ കല്ല് കെട്ടി ശക്തമായി അടിച്ചാണ് വാതിലിന്റെയും അലമാരയുടെയും ലോക്കറിന്റെയും പൂട്ടുകൾ തകർത്തത്. ഇത് പൊലീസ് കണ്ടെടുത്തു. വീട്ടിലെ മുറികളിൽ തുറന്നു മുഴുവൻ അരിച്ചുപെറുക്കിയ നിലയിലായിരുന്നു.
പുസ്തകത്താളുകൾ വരെ പൂർണമായി മറിച്ചുനോക്കിയിട്ടുണ്ട്. ഡയറിക്കുള്ളിൽ സൂക്ഷിച്ച 8000 രൂപ വരെ നഷ്ടമായി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ കാര്യമായ തെളിവുകളൊന്നും കിട്ടിയില്ല. വീടിനു സമീപമുള്ള സ്ഥലങ്ങളിൽ സിസിടിവി സംവിധാനം ഇല്ലാതിരുന്നത് തിരിച്ചടിയായി. മറ്റിടങ്ങളിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ സാമ്യം തോന്നിയ ചവറ സ്വദേശിയെ കണ്ടെത്തിയെങ്കിലും ഇയാൾക്ക് മോഷണവുമായി ബന്ധമുണ്ടായിരുന്നില്ല. നാലു ദിവസത്തോളം വീട് ആളില്ലാതെ പൂട്ടിയ നിലയിലായിരുന്നു. എന്നാണ് മോഷണം നടന്നതെന്ന് കൃത്യമായി ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല. സംശയകരമായി തോന്നിയ ചില പ്രദേശവാസികൾ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാണ്. അടുത്ത സമയത്ത് ശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാക്കളെ പൊലീസ് കണ്ടെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജയിലിൽ കഴിയുന്ന മോഷ്ടാക്കളെ കണ്ടും വിവരശേഖരണം നടത്തി.