അച്ഛന്റെ കൈവിടാതെ അമൃതയും അഭിരാമിയും; നോവായി മരണശയ്യയിലെ ചിത്രം

Advertisement

കൊച്ചി: മരണശയ്യയിൽ കിടന്ന അച്ഛൻ സുരേഷിനൊപ്പമുള്ള അവസാന ചിത്രം പങ്കുവച്ച് ഗായകരായ അമൃതയും അഭിരാമിയും. ആശുപത്രിക്കിടക്കയിലായിരുന്ന അച്ഛന്റെ കൈ ചേർത്തു പിടിച്ചിരിക്കുന്നതിന്റെ ചിത്രമാണ് ഇരുവരും പോസ്റ്റ് ചെയ്തത്. അമ്മ ലൈലയും അഭിരാമിയും അമൃതയും സുരേഷിന്റെ കൈ പിടിച്ചിരിക്കുന്നതു ചിത്രത്തിൽ കാണാം.

‘ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് വികാരനിർഭരമായി അമൃത ചിത്രം പങ്കുവച്ചത്. ‘എന്നെന്നേക്കും’ എന്ന് ചിത്രം പോസ്റ്റ് ചെയ്ത് അഭിരാമി കുറിച്ചു. ഇരുവരുടെയും സമൂഹമാധ്യമ പോസ്റ്റുകൾ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായി. നിരവധി പേരാണ് അമൃതയെയും കുടുംബത്തെയും ആശ്വസിപ്പിച്ചു പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്.

സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ചൊവ്വ വൈകിട്ടാണ് പി.ആർ.സുരേഷ് അന്തരിച്ചത്. തിങ്കളാഴ്ച വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ഓടക്കുഴൽ കലാകാരനാണ് സുരേഷ്.