കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ച കുറഞ്ഞു. ഗ്രാമിന് 5,565 രൂപയിലും പവന് 44,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 5,575 രൂപയിലും പവന് 44,600 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
അതേ സമയം അക്ഷയ തൃതിയ ദിവസം സ്വർണവിലയിൽ ഉണ്ടായ ഇടിവ് വ്യാപാരമേഖലയിൽ ഉണർവ് സൃഷ്ടിച്ചു.അക്ഷയ തൃതീയ സ്വർണോൽസവം കേരളമെമ്പാടുമുള്ള ജുവലറികളിൽ ആഘോഷ പൂർവ്വം നടന്നു. ഈദ് ആഘോഷം കൂടിയായതോടെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചു.ഏകദേശം ഏഴ് ലക്ഷത്തോളം ഉപഭോക്താക്കളാണ് കേരളത്തിലെ 12000 ഓളം സ്വർണ വ്യാപാരശാലകളിലേക്കെത്തിച്ചേർന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിൽപനയാണ് കൂടുതൽ നടന്നത്. നാണയങ്ങൾ, ഡയമണ്ട്, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്കും വൻ ഡിമാൻഡ് ആയിരുന്നു.
കഴിഞ്ഞ വർഷത്തെക്കാൾ 18% വർദ്ധനവാണ് വിലയിലെങ്കിലും അതൊന്നും സ്വർണവിൽപനയിൽ പ്രതിഫലിച്ചില്ല. വില കുറഞ്ഞതും വ്യാപാരത്തോത് ഉയർത്തി.കഴിഞ്ഞ വർഷത്തെക്കാൾ 20 ശതമാനത്തിലധികം വ്യാപാരം ശനിയാഴ്ച മാത്രം നടന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇന്നലെയും അക്ഷയതൃതിയയുമായി ബന്ധപ്പെട്ട് വ്യാപാരം നടന്നിരുന്നു.