കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയിൽ രാഷ്ട്രീയമില്ലെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ഇക്കാര്യം പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അദ്ദേഹം കേരളത്തിലെ യുവാക്കളുടെ പ്രതിനിധികളുമായി സംസാരിക്കുന്ന പരിപാടിയാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘അവർ ആരാണ്?, പോകാൻ പറ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
‘‘യുവം പരിപാടിയിൽ രാഷ്ട്രീയമില്ലെന്ന് പ്രധാനമന്ത്രി തന്നെയല്ലേ പറഞ്ഞത്? അദ്ദേഹം ഇവിടെവന്ന് കേരളത്തിലെ യുവാക്കളുടെ ഒരു പരിഛേദവുമായി സംസാരിക്കുന്നു. അവരിലെത്ര പേർക്ക് സംസാരിക്കാൻ പറ്റും എന്നത് പ്രോട്ടോക്കോളൊക്കെ വച്ച് നിങ്ങൾക്ക് അറിയാവുന്നതല്ലേ? തിരഞ്ഞെടുക്കപ്പെടുന്ന ചിലരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകും.’ – സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനം തന്നെ ധാരാളമാണെന്ന്, ഒരു ചോദ്യത്തിന് ഉത്തരമായി സുരേഷ് ഗോപി പ്രതികരിച്ചു. ‘ഇവിടെ ചില കുത്തിത്തിരുപ്പുകളൊക്കെയുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ വക ഒരു വിശദീകരണവും കൂടി കാണും. പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് അദ്ദേഹം രാജ്യത്തെ യുവാക്കളുമായി ഇടപഴകുന്നു. അത് അദ്ദേഹത്തിന്റെ അവകാശമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയുടെയും അവകാശമാണ് – സുരേഷ് ഗോപി പറഞ്ഞു.
‘വോട്ടിനു വേണ്ടിയാണോ മോദി വരുന്നത്’ എന്ന ചോദ്യമുയർത്തിയ ആളോട്, ‘അതങ്ങ് മാറ്റ്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നിങ്ങളുടെ മുഖ്യമന്ത്രി വോട്ടിനു നടക്കുന്നതെല്ലാം വോട്ടിനു വേണ്ടിയാണോ എന്നു ചോദിച്ച അദ്ദേഹം, ഇത് എന്തൊരു ചോദ്യമാണെന്നും വിമർശിച്ചു.
ഇതിനു പിന്നാലെയാണ്, ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യമുയർത്തിയത്. ‘ഡിവൈഎഫ്ഐ ആരാണ്? അവരോടു പോകാൻ പറ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.