തിരുവനന്തപുരം: മലയാളികളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും പരിശ്രമശാലികളുമാണ്. കേരളത്തിൻറെ വികസന ഉത്സവത്തിൽ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി ജലമെട്രോ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘കേരളം വളരെ ജാഗ്രതയുള്ള നാടാണ്. ഇവിടുത്തെ ജനങ്ങൾ അറിവുള്ളവരും വിദ്യാസമ്പന്നരുമാണ്. സ്വന്തം സാമർത്ഥ്യം കൊണ്ടും വിനയത്തോടെയുള്ള പെരുമാറ്റം കൊണ്ടും പരിശ്രമശീലം കൊണ്ടുമാണ് അറിയപ്പെടുന്നത്’- മോദി പറഞ്ഞു.
രാജ്യത്തും ലോകത്താകമാനവും എന്താണ് നടക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. സാമ്പത്തിക അവസ്ഥ അറിയാൻ കഴിയും. ഈ അവസ്ഥയിലും ഭാരതം വികസനത്തിൻറെ പ്രഭാകേന്ദ്രമായി മാറുകയാണ്. ഭാരതത്തിൻറെ വികസന സാധ്യതകൾ ലോകമാകെ അംഗീകരിച്ചു കഴിഞ്ഞു’ -മോദി പറഞ്ഞു.
കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ – പളനി – പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. വന്ദേഭാരത് ട്രെയിനിൻറെ ഫ്ലാഗ് ഓഫ് നേരത്തെ നിർവഹിച്ചിരുന്നു. ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല – ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി ടെർമിനലുകളുടെ സമഗ്രവികസനം എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിനു ശേഷം പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ സൂറത്തിലേക്ക് പോയി.