125 വർഷത്തിൽ ഇന്ത്യ വികസിത രാജ്യം: ‘അത് നാക്കുപിഴ, അച്ഛൻ വിരമിച്ചയാൾ’

Advertisement

തിരുവനന്തപുരം: കൊച്ചിയിൽ കഴിഞ്ഞ ദിവസത്തെ യുവം കോൺക്ലേവിൽ പ്രസംഗിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി 125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നു പറഞ്ഞത് നാക്കുപിഴയാണെന്ന് അനിൽ ആന്റണി.

25 വർഷം കൊണ്ട് മുൻനിര രാജ്യമാക്കും എന്നാണ് ഉദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിൽ വിഷമമില്ലെന്നും അനിൽ ആന്റണി വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി അടുത്തിടെയാണു ബിജെപിയിൽ ചേർന്നത്.

അനിൽ ആന്റണിക്ക് തിരുവനന്തപുരത്ത് ബിജെപി ഓഫിസിൽ സ്വീകരണം നൽകി. പാർട്ടി മാറ്റത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. അനിലിന്റെ തീരുമാനത്തോട് ആരെങ്കിലും യോജിപ്പോ വിയോജിപ്പോ അറിയിച്ചോയെന്ന ചോദ്യത്തോട്, രാഷ്ട്രീയം ചർച്ചയായില്ലെന്നായിരുന്നു പ്രതികരണം. ‘‘ഇന്നലെ വീട്ടിൽ രാഷ്ട്രീയം ചർച്ചയായില്ല. അച്ഛനെ ഇനി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴ‌യ്ക്കേണ്ടതില്ല. അച്ഛൻ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചയാളാണ്. അദ്ദേഹം ഇപ്പോൾ കോൺഗ്രസിന്റെ പ്രധാന സ്ഥാനങ്ങളിലൊന്നും ഇല്ല. ഞാൻ പ്രായപൂർത്തിയായ ആളാണ്. സ്വന്തം തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ട്’’– അനിൽ പറഞ്ഞു.

‘‘ഇതിനകം ജനങ്ങളാൽ തിരസ്കരിക്കപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. 2014ൽ കോൺഗ്രസിന്റെ 140 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ദയനീയമായ പരാജയമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് സംഭവിച്ചത്. അഞ്ച് വർഷം കഴിഞ്ഞും അവർ ഒന്നും പഠിക്കാത്തതുകൊണ്ട്, ഈ നിഷേധാത്മക സമീപനം മാറ്റാത്തതുകൊണ്ട് 2019ൽ 2014നേക്കാൾ വലിയ തോൽവി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സംഭവിച്ചു. 2014ൽ ഇവർ നരേന്ദ്ര മോദിക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചെങ്കിലും, അതെല്ലാം തിരസ്കരിച്ച ജനം ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച ഭൂരിപക്ഷം മോദിക്കു നൽകി. മോദിയുടെ പ്രവർത്തനങ്ങൾ നിമിത്തം 2019ൽ അതിലും മികച്ച വിജയം ലഭിച്ചു. ഇനി 2024ലും ഇതു തന്നെയാണ് സംഭവിക്കാൻ പോകുന്നത്. 2019നേക്കാൾ വലിയ വിജയം തന്നെ മോദിക്ക് ഇന്ത്യൻ ജനത നൽകും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മൂന്നാമതും ചരിത്ര പരാജയം ഏറ്റുവാങ്ങും.’ – അനിൽ ആന്റണി പറഞ്ഞു.

‘‘ഇവരുടെ ട്രോളുകളും പ്രതികരണങ്ങളും കാണുമ്പോൾ എനിക്ക് സന്തോഷമാണ് തോന്നുന്നത്. അവർ അസ്വസ്ഥരായതുകൊണ്ടാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നത്. ഞാൻ ഇവരുടെ നിഷേധാത്മക സമീപനം തിരസ്കരിച്ച് മോദിജിയുടെ വീക്ഷണത്തിനായി പ്രവർത്തിക്കുന്നു എന്നതാണ് അവരെ അസ്വസ്ഥമാക്കുന്നത്.’ – അനിൽ ചൂണ്ടിക്കാട്ടി.

പ്രസംഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ട്രോളുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ്, അനിൽ ആന്റണിയുടെ വിശദീകരണം. ‘‘ഇന്ത്യയെ അടുത്ത 125 വർഷത്തിനുള്ളിൽ വികസിത രാജ്യമാക്കി മാറ്റാനുള്ള പദ്ധതികളാണ് മോദിയുടെ കൈകളിലുള്ളത്. കഴിഞ്ഞ 67 വർഷത്തിൽ നടന്നതിനെക്കാൾ കൂടുതൽ വികസനം മോദി ഭരിച്ച ഒൻപത് വർഷം ഇന്ത്യയിലുണ്ടായി. മോദിയുടെ കീഴിൽ ഇന്ത്യ കുതിക്കുമ്പോൾ കേരളം കിതയ്ക്കുകയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളവും മാറണം. മോദി ഇന്ത്യയിലെ ഓരോ മനുഷ്യനും എല്ലാ അർഥത്തിലും വളരാനുള്ള സൗകര്യം ഒരുക്കുകയാണ്. മോദിക്കു വേണ്ടി പ്രവർത്തിക്കാൻ ഓരോ മലയാളിയും ഇറങ്ങിത്തിരിക്കേണ്ട സമയമാണിത്’’ എന്നായിരുന്നു അനിൽ ആന്റണി പറഞ്ഞത്.

Advertisement