തിരുവനന്തപുരം: ഹയർസെക്കണ്ടറി മേഖലയിൽ നിന്ന് പിരിച്ചുവിട്ട 68 ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്ക് പുനർനിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 2023 ഏപ്രിൽ മുതൽ 2025 മേയ് 31 വരെ 68 സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് അധ്യാപകർക്ക് തുടരുന്നതിന് അനുമതി നൽകിയത്.
തസ്തിക പുനർനിർണയം നടത്തിയപ്പോഴായിരുന്നു 68 ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്ക് ജോലി നഷ്ടമായത്. പി.എസ്.സി വഴി നിയമിതരായ അധ്യാപകരെ പിരിച്ചുവിട്ട സംഭവം വിവാദമായിരുന്നു. തുടർന്നാണ് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് അധ്യാപകർക്ക് ജോലിയിൽ തുടരുന്നതിന് അനുമതി നൽകിയത്.
കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷൻറെ കാലാവധി 2023 ഏപ്രിൽ 28 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായ ജസ്റ്റിസ് പി.എസ് ഗോപിനാഥിന് കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷൻ ചെയർപേഴ്സൻറെ പൂർണ്ണ അധിക ചുമതല നൽകും.