മാമുക്കോയ ഇനി ആസ്വാദക ഹൃദയങ്ങളില്‍….മൃതദേഹം കണ്ണംപറമ്പ് പള്ളി ശ്മശാനത്തില്‍ ഖബറടക്കി

Advertisement

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാമുക്കോയയുടെ മൃതദേഹം കണ്ണംപറമ്പ് പള്ളി ശ്മശാനത്തില്‍ ഖബറടക്കി. ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ ഖബറിസ്ഥാനില്‍ എത്തി. വീടിനു സമീപത്തെ അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിനു ശേഷമായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള കബറടക്കം.
ആയിരങ്ങളാണ് മാമുക്കോയയെ ഒരു നോക്ക് കാണാന്‍ കോഴിക്കോട് ടൗണ്‍ ഹാളിലും അരക്കിണറിലെ വീട്ടിലും എത്തിയത്. താരസംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, നടന്‍മാരായ ഇര്‍ഷാദ്, ജോജു ജോര്‍ജ്, കോണ്‍ഗ്രസ് നേതാവും നിര്‍മാതാവുമായ ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ, ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികില്‍സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ മാമുക്കോയക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.