കൗണ്‍സിലിങിന് എത്തിയ പതിമൂന്നുകാരന്പീഡനം: പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവ്

Advertisement

കൗണ്‍സിലിങിന് എത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരീഷിന് (59) ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി. ഒന്നരലക്ഷം രൂപ പിഴ നല്‍കണം. പിഴ തുക കുട്ടിക്ക് കൈമാറണം. പിഴ അടച്ചില്ലെങ്കില്‍ നാല് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ പീഡനം നടത്തി, മാനസിക അസ്വസ്ഥ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു, ഒന്നില്‍ കൂടുതല്‍ തവണയുള്ള പീഡനം, മുന്‍പ് പോസ്‌കോ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും കുറ്റം ആവര്‍ത്തിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിക്ഷ. വിവിധ വകുപ്പുകള്‍ അനുസരിച്ച് 26 വര്‍ഷം തടവുശിക്ഷ ലഭിച്ചെങ്കിലും 7 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
മറ്റൊരു ആണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതേ കോടതി ഒരു വര്‍ഷം മുമ്പ് പ്രതിയെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ പ്രതി ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടി. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിലെ വീടായ തണലിനോട് ചേര്‍ന്നുള്ള സ്വകാര്യ ക്ലിനിക്കില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കൗണ്‍സിലിങ്ങിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്.