‘കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തുവെന്ന് വാദം’: സിനിമ പ്രദർശിപ്പിക്കരുതെന്ന് സതീശൻ

Advertisement

തിരുവനന്തപുരം: സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. രാജ്യാന്തര തലത്തിൽ കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്ന്, ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സതീശൻ ചൂണ്ടിക്കാട്ടി. . രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള അജൻഡയുടെ ഭാഗമാണ് ഈ ചിത്രമെന്നും സതീശൻ ആരോപിച്ചു.

ട്രെയ്‌ലർ റിലീസ് ചെയ്തതിന് പിന്നാലെയാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്‌ക്കെതിരെ വിമർശനം ശക്തമായത്. സിനിമ മേയ് അഞ്ചിന് തിയറ്ററുകളിൽ എത്താനിരിക്കെയാണ് വിവാദം ചൂടുപിടിക്കുന്നത്. കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. ഇതിനെതിരെയാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവരും ഈ സിനിമയ്ക്കെതിരെ നിലപാട് പരസ്യമാക്കി രംഗത്തെത്തിയിരുന്നു..

∙ സതീശന്റെ ഫെയ്സ്ബുക് പോസ്റ്റ്

കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്‍‌ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല. മറിച്ച്, ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.

സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകൻ സുദിപ്‌തോ സെൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതുസമൂഹത്തിനു മുന്നിലുണ്ട്. രാജ്യാന്തര തലത്തിൽ കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള അജൻഡയുടെ ഭാഗമാണിത്. മതസ്പർധയും ശത്രുതയും വളർത്താനുള്ള ബോധപൂർവമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം.

മനുഷ്യനെ മതത്തിന്റെ പേരിൽ വേർതിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേരു വെട്ടണം. മാനവികത എന്ന വാക്കിന്റെ അർഥം സംഘപരിവാറിന് ഒരിക്കലും മനസിലാകില്ല. വർഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.

Advertisement