കൊല്ലം: സംസ്‌കൃതഭാരതിയുടെ കേരളഘടകമായ വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ 43-ാം സംസ്ഥാന സമ്മേളനം 30, മെയ് ഒന്ന് തീയതികളില്‍ കൊല്ലം ആനന്ദവല്ലീശ്വരം വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
30ന് വൈകിട്ട് നാലിന് സംസ്‌കൃത സമ്മേളനത്തിന് മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി തുരിയാമൃതാനന്ദപുരി ദീപം തെളിയിക്കും. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന അധ്യക്ഷന്‍ ഡോ.പി.കെ. മാധവന്‍ അധ്യക്ഷത വഹിക്കും. കേരളാ ഹൈക്കോടതി മുന്‍ രജിസ്ട്രാര്‍ ജനറല്‍ ശ്രീവല്ലഭന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം സിഎംഎസ് കോളജ് ചരിത്ര വിഭാഗം മുന്‍ അധ്യക്ഷനും ചരിത്രകാരനുമായ പത്മശ്രീ ഡോ. സി.ഐ. ഐസക് വിശിഷ്ടാതിഥിയായിരിക്കും. സംസ്‌കൃതഭാരതി അഖിലഭാരതീയ സഹസംഘടന മന്ത്രി ജയപ്രകാശ് ഗൗതം മുഖ്യപ്രഭാഷണം നടത്തും.
പാലാ അരുണാപുരം ആദര്‍ശ സംസ്‌കൃത മഹാവിദ്യാലയം മുന്‍ പ്രിന്‍സിപ്പലും പാലാ ശ്രീരാമകൃഷ്ണ ആശ്രമം മുന്‍ മഠാധിപതിയുമായ സ്വാമി സ്വപ്രഭാനന്ദയ്ക്ക് പണ്ഡിതരത്‌നം ബഹുമതി നല്‍കി ആദരിക്കും. തൃശൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ ടി.സി. സജീവിന് ശര്‍മ്മാജി പുരസ്‌കാരവും സമ്മാനിക്കും.
സ്വാഗത സംഘം അധ്യക്ഷന്‍ പ്രൊഫ. ആര്‍. ശിവകുമാര്‍, സംസ്‌കൃതഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ വി.ജെ. ശ്രീകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ രാജേഷ് എന്നിവര്‍ സംസാരിക്കും. മെയ് ഒന്നിന് മാമൂട്ടില്‍ കടവ് പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 300 പേര്‍ പങ്കെടുക്കും. അഖിലഭാരതീയ കാര്യദര്‍ശി നന്ദകുമാര്‍, സംഘടനാ മന്ത്രി ജയപ്രകാശ് ഗൗതം, ദക്ഷിണ ക്ഷേത്ര സംഘടനാ കാര്യദര്‍ശി സുവീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.