കുന്നത്തൂർ : കുടുംബനാഥനെ ‘കോവിഡ് ‘കവർന്നപ്പോൾ അനാഥരായത് ഒരമ്മയും രണ്ട് മക്കളും.കുന്നോളം പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്ന നിർദ്ധന കുടുംബത്തിന്റെ മേലേക്കാണ് ഇടിത്തീ പോലെ കോവിഡ് മഹാമാരിയുടെ കാലത്ത് മരണം പെയ്തിറങ്ങിയത്.
കൊല്ലം കുന്നത്തൂർ തുരുത്തിക്കര തൂമ്പിൻപുറം ഇന്ദിരാ വിലാസത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന പത്മകുമാർ (38)നെ കോവിഡ് കവർന്നത് 2021 ജൂൺ 30ന് ആയിരുന്നു.കോവിഡ് പോസിറ്റീവായ ഉണ്ണിക്ക് ന്യൂമോണിയ കൂടി പിടിപ്പെട്ടതോടെയാണ് ആരോഗ്യനില തീർത്തും മോശമായത്.ചികിത്സയിലിരിക്കെ കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഉണ്ണിയുടെ സഞ്ചയനത്തിന്റെ തൊട്ടുതലേന്ന് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാതാവ് കമലമ്മയും മരണത്തിന് കീഴടങ്ങി.
ഉണ്ണിയുടെ മരണത്തോടെ ജീവിതത്തിൽ പകച്ചു പോയ ഭാര്യ സൗമ്യ(35),മക്കളായ അക്ഷയ്,അമൽ എന്നിവർ കണ്ണീർ പൊഴിക്കാത്ത ദിനങ്ങളില്ല.ഏത് നിമിഷവും നിലം പൊത്താവുന്ന വീട്ടിലാണ് ഈ അമ്മയും മക്കളും കഴിയുന്നത്.മേൽക്കൂര പലയിടത്തും തകർന്നു.ടാർപോളീൻ കെട്ടിയിട്ടുണ്ടെങ്കിലും മഴ പെയ്താൽ ഒരു തുള്ളിപോലും പുറത്തേക്ക് പോകില്ല.വെട്ടുകല്ലു കൊണ്ട് കെട്ടിയ ഭിത്തിയും അടിത്തറയുമടക്കം വിണ്ടുകീറി.ശൗചാലയത്തിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല.കാലഹരണപ്പെട്ട വയറിങ് സംവിധാനങ്ങൾ ഇടിയും മിന്നലും ഉണ്ടാകുമ്പോൾ
വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കും.കത്തിയെരിയും.ഈ സമയം കുട്ടികളെ കെട്ടിപ്പിടിച്ച് കരയാൻ മാത്രമേ സൗമ്യയ്ക്ക് കഴിയാറുള്ളു.പരാതിയും സങ്കടങ്ങളും പറയാനും കേൾക്കാനും ആരുമില്ലാത്ത നിസഹായവസ്ഥ.പലപ്പോഴും നിത്യ ചെലവിനു പോലും ബുദ്ധിമുട്ടുന്നു.പുനലൂർ സ്വദേശിയായ സൗമ്യയെ
സഹായിക്കാൻ ശേഷിയുള്ള ബന്ധുവലയവുമില്ല.പൊട്ടി പൊളിഞ്ഞ വീട്ടിൽ മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞിരുന്ന ഇവർ കരുണ വറ്റാത്ത ചിലരുടെ ശ്രമഫലമായി അടുത്തിടെ അടുത്തൊരു വാടക വീട്ടിലേക്ക് താമസം മാറി.എന്നാൽ മാസ വാടകയും വൈദ്യുതി ബില്ലുമൊക്കെ എങ്ങനെ അടയ്ക്കുമെന്ന ചോദ്യവും ഇവർക്കു മുന്നിൽ ബാക്കിയാണ്.നന്നായി കുടുംബം നോക്കിയിരുന്ന ഉണ്ണി ഓട്ടോറിക്ഷ
ഡ്രൈവറായിരുന്നു.കുന്നത്തൂരിലെ സിബിഎസ്ഇ സ്കൂളിലെ ബസ്
ഡ്രൈവറായും പോകുമായിരുന്നു.
സ്വന്തമായൊരു ഓട്ടോ വാങ്ങാനും ചെറിയ ചെറിയ കടങ്ങൾ വീട്ടാനുമായി ശാസ്താംകോട്ട കാർഷിക വികസന ബാങ്കിൽ നിന്നും കുന്നത്തൂർ തുരുത്തിക്കര സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ആൾ ജാമ്യത്തിലും വായ്പ എടുത്തിരുന്നു.കോവിഡിന്റെ ആരംഭകാലത്ത് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും കൃത്യമായല്ലെങ്കിലും വായ്പ അടച്ചുപോന്നിരുന്നു.അല്ലലില്ലാതെ കുടുംബവും മുന്നോട്ട് പോയി.ഇതിനിടയിലാണ് കോവിഡ് ഇവരുടെ കുടുംബത്തെയും വേട്ടയാടിയത്.ഇപ്പോൾ അടയ്ക്കാൻ യാതൊരു മാർഗവുമില്ലാത്തതിനാൽ വായ്പ കുടിശ്ശിഖയായി.ബാങ്കുകളിൽ നിന്നും നടപടി അറിയിച്ചു കൊണ്ടുള്ള നോട്ടീസുകളും മുറ തെറ്റാതെയെത്തുന്നു.എന്നാൽ എങ്ങനെ കടം വീട്ടുമെന്ന കാര്യത്തിൽ സൗമ്യയ്ക്ക് ഒരെത്തും പിടിയുമില്ല.
ഭർത്താവ് മരിച്ച ശേഷം ലഭിക്കുന്ന 1600 രൂപ പെൻഷൻ മാത്രമാണ് ഏക വരുമാനം.കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിക്കുന്ന കുടുംബങ്ങൾക്ക് മാസം തോറും 5000 രൂപ വീതം പെൻഷൻ നൽകുമെന്ന സർക്കാരിന്റെ പ്രഖ്യാപനവും സൗമ്യയ്ക്കും മക്കൾക്കും തുണയായില്ല.അപേക്ഷ നൽകി പെൻഷനു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടര വർഷമായി.ജില്ലാ കളക്ടർ ഫയലിൽ ഒപ്പിട്ടാൽ ഉടൻ തന്നെ പെൻഷൻ കിട്ടിതുടങ്ങുമെന്നാണ് അന്വേഷിക്കുമ്പോൾ അധികൃതർ പറയുന്നത്.ഈ കുടുംബത്തെ സഹായിക്കാൻ സന്മനസ്സുള്ളവർക്ക് എസ്.ബി.ഐ കുന്നത്തൂർ നെടിയവിള ബ്രാഞ്ചിൽ സൗമ്യയുടെ
പേരിലുള്ള 67289939838 എന്ന അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്.ഐ.എഫ്.സി കോഡ്:SBIN0070476