തേങ്ങ പൊതിക്കുന്ന യന്ത്രത്തിനിടയില്‍ യുവാവിന്റെ കൈ കുടുങ്ങി; കൈ മരവിപ്പിച്ച് രക്ഷപ്പെടുത്തി

Advertisement

തേങ്ങ പൊതിക്കുന്ന യന്ത്രത്തിനിടയില്‍ യുവാവിന്റെ കൈ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കൈ പുറത്തേയ്ക്ക് എടുത്ത് യുവാവിനെ രക്ഷിച്ചു. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുള്‍ റൗഫിന്റെ (38) കൈയാണ് അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങിയത്.
അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്റ്റോറന്റിന് സമീപത്തെ കൃഷിയിടത്തില്‍ തേങ്ങ പൊതിക്കുന്നതിനിടെ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സഹായിയോടൊപ്പം യന്ത്ര സഹായത്തോടെ തേങ്ങ പൊതിക്കുന്നതിനിടെയാണ് റൗഫിന്റെ വലതുകൈ യന്ത്രത്തില്‍ അകപ്പെട്ടത്. ഉടന്‍ തന്നെ കൂടെയുള്ളയാള്‍ യന്ത്രത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതു കൊണ്ട് വന്‍ അപകടം ഒഴിവായി. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും വലതു കൈയുടെ മുട്ടുവരെ യന്ത്രത്തില്‍ കുടുങ്ങിയിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നു. യന്ത്രം പൊളിച്ച് കൈ പുറത്തെടുക്കല്‍ മാത്രമായിരുന്നു ഏക മാര്‍ഗം. ഇതിനായി മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്സിന്റെ സഹായം തേടി. പിന്നീട് റൗഫിന്റെ കൈ മരപ്പിച്ച ശേഷമാണ് കൈ പുറത്തെടുത്തത്. ഏറെ നേരം പരിശ്രമിച്ച് ഉച്ചയ്ക്ക് ഒന്നരയോടെ യന്ത്രം പൊളിച്ച് റൗഫിനെ രക്ഷപ്പെടുത്തി കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി.
വലതു കൈയുടെ വിരലുകള്‍ക്കും കൈപ്പത്തിയ്ക്കും സാരമായി പരിക്കേറ്റ ഇയാളെ കോട്ടത്തറ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശസ്ത്രക്രിയക്ക് ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisement