വഴി ചോദിക്കാൻ നിർത്തിയ ലോറിയിൽ ബൈക്കിടിച്ച് അപകടം, അഭിജിത്തിന് പിന്നാലെ അഖിലയും യാത്രയായി

Advertisement

അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥിനി മരിച്ചു. അമ്പലപ്പുഴ വടക്ക് വഞ്ചായത്ത് വണ്ടാനം വെളുത്തേടത്ത് പറമ്പിൽ സന്തോഷ് – അജിത ദമ്പതികളുടെ മകൾ അഖില (21) ആണ് മരിച്ചത്.

ചേർത്തലയിലെ സ്വകാര്യ കോളേജ് ജനറൽ നേഴ്സിങ് വിദ്യാർത്ഥിയാണ്. തിങ്കൾ വൈകിട്ട് 4.15 ഓടെ പല്ലന മാർക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടാർ കയറ്റിയ ലോറി വഴി ചോദിക്കാനായി നിർത്തിയപ്പോൾ പുറകെ വന്ന ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.

അജിതയുടെ ജേഷ്ഠ സഹോദരി ഓമനയുടെ മകൻ അഭിജിത്ത്കുമാറു (23) മായി ബൈക്കിൽ പോകുമ്പോൾ വളവിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു. അഭിജിത്ത് അപകട സ്ഥലത്തു തന്നെ മരിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അഖിലയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമാകെയർ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സഹോദരി അനഘ.