കോട്ടയം. രക്ഷകനായിഅവതരിച്ച് വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടല്‍, യുവാവ് അറസ്റ്റില്‍.
പറവൂര്‍ നോര്‍ത്ത് കുത്തിയതോട് ചെറുകടപ്പറമ്ബില്‍ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കല്‍ പുതുപ്പറമ്ബില്‍ വീട്ടില്‍ ഇഷാം നജീബിനെ (22) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകന്റെ കയ്യിലുള്ള നഗ്‌നചിത്രങ്ങള്‍ വീണ്ടെടുത്ത് നല്‍കാമെന്ന് ഏറ്റ ഇഷാം, പിന്നീട് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി കാല്‍ലക്ഷത്തോളം രൂപ വാങ്ങുകയും ചെയ്തു.
വിദ്യാര്‍ത്ഥിനി നേരത്തെ പ്രണയത്തിലായിരുന്നപ്പോള്‍ കാമുകന് നഗ്‌നചിത്രങ്ങള്‍ അയച്ചിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണില്‍ നഗ്‌നചിത്രങ്ങളുണ്ടെന്നും ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിച്ചു. ഇതിന് വിദ്യാര്‍ത്ഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങള്‍ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാന്‍ പുതിയ നഗ്‌നചിത്രങ്ങള്‍ അയച്ചുനല്‍കാനും ആവശ്യപ്പെട്ടു.
എന്നാല്‍ നഗ്‌നചിത്രങ്ങള്‍ നല്‍കാന്‍ വിദ്യാര്‍ത്ഥിനി തയ്യാറായില്ല. തുടര്‍ന്ന് വിവരം കൂട്ടുകാരിയെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി. ചിത്രങ്ങള്‍ തിരിച്ചെടുത്തുനല്‍കാമെന്ന് പുതിയ ഹാക്കര്‍ ഇഷാം ഉറപ്പുനല്‍കി. പിന്നീട് ചിത്രങ്ങള്‍ വീണ്ടെടുത്തെന്നും, ഒത്തുനോക്കാന്‍ വിദ്യാര്‍ത്ഥിനിയോട് നഗ്‌നചിത്രങ്ങള്‍ അയച്ചുതരാനും ഇയാള്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സ്വന്തം നഗ്‌നചിത്രങ്ങളെടുത്ത് ഹാക്കര്‍ക്ക് അയച്ചു കൊടുത്തു.
നഗ്‌നചിത്രങ്ങള്‍ ലഭിച്ചതോടെ, യുവാവ് ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കാല്‍ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കൂട്ടുകാരിയുടെ മാല പണയം വെച്ച് ഹാക്കര്‍ക്ക് 20,000 രൂപ നല്‍കി. എന്നാല്‍ വീണ്ടും ഭീഷണി തുടര്‍ന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.