‘ടീസർ മാത്രമല്ലേ കണ്ടിട്ടുള്ളൂ, സിനിമ കണ്ടിട്ടില്ലല്ലോ?’: കേരള സ്റ്റോറിയുടെ അടിയന്തര സ്റ്റേ ആവശ്യം തള്ളി

Advertisement

കൊച്ചി: ‘ദ് കേരള സ്റ്റോറി’ സിനിമയ്ക്ക് അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സംഭവത്തിൽ സെൻസർ ബോർഡിനോട് ഉൾപ്പെടെ കോടതി വിശദീകരണം തേടി. സിനിമയുടെ ടീസർ മാത്രമല്ലേ കണ്ടിട്ടുള്ളൂവെന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

ടീസറിലെ പരാമർശങ്ങൾ സിനിമയുടെ പൂർണമായ ഉദ്ദേശ്യമായി കണക്കാക്കാനാക്കുമോയെന്ന് കോടതി ചോദിച്ചു. നിങ്ങൾ ടീസർ മാത്രമേ കണ്ടിട്ടുള്ളൂ, ചിത്രം കണ്ടിട്ടില്ലല്ലോയെന്നും ഹർജിക്കാരനോട് കോടതി പറഞ്ഞു. ടീസർ മാത്രം കണ്ട് ചിത്രത്തെ വിലയിരുത്താനാകുമോയെന്നും കോടതി ചോദിച്ചു.

സിനിമ പ്രദർശനത്തിന് സ്റ്റേ ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ എൻജിഒ ഭാരവാഹി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വാദം കേട്ടത്. വിദ്വേഷപരമായ പരാമർശങ്ങൾ എല്ലാം നീക്കം ചെയ്യണം. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ നടപടിയും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീർത്തിപെടുത്തുന്നതാണ്. നിലവിൽ 10 രംഗങ്ങൾ മാത്രമേ സെൻസർ ബോർഡ്‌ നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹർജിക്കാരൻ പറഞ്ഞു.

Advertisement