തിരുവനന്തപുരം: ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് ഹയർ സെക്കൻഡറി പ്രിൻസിപ്പലായി തസ്തികമാറ്റം വഴി നിയമനം ലഭിക്കണമെങ്കിൽ ഹയർ സെക്കൻഡറിയിൽ അവർക്കു പഠിപ്പിക്കാനുള്ള വിഷയമുണ്ടായിരിക്കണമെന്നു നിഷ്കർഷിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതേ വിഷയം പഠിപ്പിക്കുന്ന ഹയർ സെക്കൻഡറി അധ്യാപകർ അവിടെ വേറെയുണ്ടെങ്കിൽ പ്രധാനാധ്യാപകർക്കു പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
പ്രിൻസിപ്പൽ ഒഴിവിലേക്ക് ഹയർസെക്കൻഡറി അധ്യാപകരെയും ഹൈസ്കൂൾ പ്രധാനാധ്യാപകരെയും 2:1 അനുപാതത്തിലാണു നിയമിച്ചുപോരുന്നത്. ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് അവരുടെ വിഷയത്തിൽ അവിടെ ഒഴിവില്ലെങ്കിലും ഹയർസെക്കൻഡറി പ്രിൻസിപ്പലായി ഇതുവരെ നിയമനം നൽകിയിരുന്നു.
അവരെ ക്ലാസെടുക്കുന്നതിൽനിന്ന് ഒഴിവാക്കി, പകരം നിലവിൽ ഇതേ വിഷയം പഠിപ്പിക്കുന്നയാളെ സൂപ്പർ ന്യൂമററി തസ്തികയിലൂടെ നിലനിർത്തുകയാണു ചെയ്തിരുന്നത്. പ്രധാനാധ്യാപകർക്ക് ഈ ആനുകൂല്യം നൽകുന്ന 2006ലെ ഉത്തരവ് റദ്ദാക്കിയാണു പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. എല്ലാ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരും ആഴ്ചയിൽ 8 മണിക്കൂർ നിർബന്ധമായി ക്ലാസെടുത്തിരിക്കണമെന്നും പുതിയ ഉത്തരവിൽ നിർദേശിക്കുന്നു.