കയ്യിലിരുന്ന ടിക്കറ്റ് മെഷീനു തീപിടിച്ചു; എസി ലോ ഫ്ലോർ ബസിലെ കണ്ടക്ടർക്കു പൊള്ളലേറ്റു

Advertisement

കൊല്ലം: കെഎസ്ആർ‌ടിസി ടിക്കറ്റ് മെഷീനു തീപിടിച്ചു കണ്ടക്ടർക്കു നിസ്സാര പൊള്ളലേറ്റു. കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ അരുൺ ജ്യോതിഷിന്റെ കൈയ്ക്ക് ആണു ചെറിയ പൊള്ളലേറ്റത്. ഇദ്ദേഹം പിന്നീട് കൊല്ലത്തു ചികിത്സ തേടി. ഇന്നലെ രാവിലെ ആറിനു കൊല്ലം വെള്ളയിട്ടമ്പലം ജംക്‌ഷനു സമീപമാണു സംഭവം.

കൊല്ലം ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്കു പോയ എസി ലോ ഫ്ലോർ ബസിലാണു സംഭവം. യാത്രക്കാർക്കു ടിക്കറ്റ് നൽകുന്നതിനിടെ അരുണിന്റെ കൈയിലിരുന്ന ടിക്കറ്റ് മെഷീനിൽ നിന്നു പുക ഉയർന്നു. ഉടനെ, മെഷീൻ ബസിനു പുറത്തേക്കു കൊണ്ടു പോയെങ്കിലും തീപിടിക്കുകയായിരുന്നു. ഇതിനിടെയാണു കണ്ടക്ടറുടെ കൈയിൽ പൊള്ളലേറ്റത്. പിന്നീട്, ഡിപ്പോയിൽ നിന്നു മറ്റൊരു ബസ് എത്തിച്ചാണു സർവീസ് നടത്തിയത്. കത്തിയ മെഷീൻ ഡിപ്പോയിൽ എത്തിച്ച് അധികൃതർക്കു കൈമാറി.