സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൊലീസ് ആസ്ഥാനത്ത് നിര്‍ത്തിയിരുന്ന കെപി- ബോട്ട് എന്ന റോബോട്ടിന് സ്ഥലം മാറ്റം. എസ്‌ഐ റാങ്കോടെ സന്ദര്‍ശകരെ സ്വീകരിച്ചുകൊണ്ടിരുന്ന റോബോട്ടിനെ കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ സൈബര്‍ ഡോമിലേക്കാണ് മാറ്റിയിരിക്കുന്നത്. നിയമസഭയില്‍ എംകെ മുനീറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് റോബോട്ടിനെ മാറ്റിയ കാര്യം അറിയിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ റോബോട്ടിന്റെ സേവനം ഉപയോഗിക്കാത്തതുകൊണ്ട് മാറ്റിയെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം അതേസമയം, ഉദ്ഘാടനം ചെയ്ത് നാല് മാസം കൊണ്ട് റോബോട്ട് പ്രവര്‍ത്തിക്കാതായിരുന്നു എന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു റോബോട്ടിന്റെ സേവനം പൊലീസ് വകുപ്പ് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ വലിയ പ്രചരണത്തോടെയായിരുന്നു റോബോട്ടിന്റെ ഉദ്ഘാടനം നടന്നതും. പൊലീസ് ആസ്ഥാനത്ത് ഡിജിപിയെ കാണാനെത്തുന്നവര്‍ക്ക് വിവരങ്ങള്‍ ചോദിച്ചറിയാനും റോബോട്ട് സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല പരാതിയുമായി എത്തുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും പരാതികള്‍ സൂക്ഷിക്കാനും റോബോട്ടിന് കഴിവുണ്ടെന്നും പൊലീസ് അവകാശപ്പെടുകയും ചെയ്തിരുന്നു.
പൊലീസ് ആസ്ഥാനത്ത് എത്തുന്നവര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരെ കാണാന്‍ സമയം നിശ്ചയിച്ചു നല്‍കാന്‍ റോബോട്ട് സഹായിക്കുമെന്നും പൊലീസ് വകുപ്പ് വയക്തമാക്കിയിരുന്നു. പരാതിക്കാരെ ഒരിക്കല്‍ കണ്ടാല്‍ ഓര്‍ത്തുവയ്ക്കാനും റോബോട്ടിന് കഴിവുണ്ടെന്നുള്ള വിവരങ്ങളും ഉസ്ഘാനത്തോടനുബന്ധിച്ച് പുറത്തു വന്നിരുന്നു.
2019 ഫെബ്രുവരി 20നാണ് കെപി- ബോട്ട് എന്ന റോബോട്ടിന്റെ ഉദ്ഘാനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റോബോട്ട് ഉദ്ഘാടനം ചെയ്തത്. പൊലീസ് നവീകരണത്തിനുള്ള ഫണ്ടുപയോഗിച്ചാണ് സൈബര്‍ഡോമും അസിമോവ് റോബോട്ടിക്‌സ് എന്ന കമ്പനിയും ചേര്‍ന്നാണ് കെപി- ബോട്ട് എന്ന റോബോട്ടിനെ വികസിപ്പിച്ചതും പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സ്ഥാപിച്ചതും.