കൊല്ലം: അറിവും മികവും മാറ്റുരയ്ക്കുന്ന ‘വിദ്യുത് 2023’ ദേശീയ ടെക്നിക്കൽ ഫെസ്റ്റ് മെയ് 5 മുതൽ 7 വരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി റോബോട്ടിക്, സൈബർ സെക്യൂരിറ്റി, ചാറ്റ് ജിപിടി, ഓട്ടോമൊബൈൽ തുടങ്ങിയ വിഷയങ്ങളിലായി മുപ്പതോളം ശിൽപശാലകളും കോളേജ് വിദ്യാർത്ഥികൾക്കായി ഹാക്കത്തൺ മത്സരങ്ങളും ബ്ലോക് ക്യാമ്പ്, അൽഗോക്വീൻ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നായി ആറായിരത്തിലേറെ വിദ്യാർത്ഥികളാണ് പങ്കെടുക്കുക.
ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓട്ടോ എക്സ്പോയിൽ വിദ്യാർത്ഥികൾ സ്വയം വികസിപ്പിച്ചെടുത്ത വാഹനങ്ങളുടെയും വിന്റേജ് വാഹനങ്ങളുടെയും പ്രദർശനമുണ്ടായിരിക്കും. മൂന്ന് ദിവസങ്ങളിലും വിവിധ സാംസ്‌കാരിക, കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഗായകരായ കാർത്തിക്, സുനീതി ചൗഹാൻ എന്നിവരുടെ പ്രോഷോയും ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.
റോബോട്ടിക്, സൈബർ സെക്യൂരിറ്റി, റോക്കറ്റ് സയൻസ്, ചാറ്റ് ജിപിടി, തുടങ്ങിയ വിഷയങ്ങളിലായി പത്തോളം ശിൽപശാലകളാണ് വിദ്യുതിന്റെ ആദ്യദിനം നടന്നത്. കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും നടത്തി. ഹൈദരാബാദ് ഐഐടിയിലെ ടെക്നോളജി ഇൻക്യുബേഷൻ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ഡ്രോൺ ടെക്നോളജി ശിൽപശാല ഏറെ ശ്രദ്ധേയമായിരുന്നു.
വിദ്യാർത്ഥികൾക്കായി വിവിധ കമ്പ്യൂട്ടർ അധിഷ്ഠിത മത്സരങ്ങളും നടത്തി. വിവിധ ആശയങ്ങളിലുള്ള ആപ്പുകൾ നിർമ്മിച്ചെടുക്കുന്നതിനായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബ്ലോക് ക്യാമ്പ് മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ലേറെ ടീമുകളാണ് പങ്കെടുത്തത്. രാത്രി 7 ന് ഗായകൻ കാർത്തിക്കിന്റെ നേതൃത്വത്തിൽ സംഗീതനിശയും അരങ്ങേറി.
ഫെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്ന് (ശനിയാഴ്ച) ഫേസ് പെയിന്റിങ്, സ്പോട്ട് ഫോട്ടോഗ്രഫി മത്സരം, കളരിപ്പയറ്റ് ശിൽപശാല, നൃത്ത ശിൽപശാല, ചിത്രപ്രദർശനം എന്നിവയ്ക്കൊപ്പം വിദ്യാർത്ഥികൾക്കായി വിവിധ കോഡിങ്, പ്രോഗ്രാമിങ് മത്സരങ്ങളുമുണ്ടായിരിക്കും. വൈകീട്ട് 5.30 മുതൽ ആരംഭിക്കുന്ന കൾച്ചറൽ ഫെസ്റ്റിൽ തെയ്യം, പടയണി തുടങ്ങിയ കലാരൂപങ്ങൾ അണിനിരക്കും. ഞായറാഴ്ചയാണ് ഫെസ്റ്റ് സമാപിക്കുക.
ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ബ്ലോക് ക്യാമ്പ് മത്സരത്തിൽ കുസാറ്റ് ടീം ജേതാക്കൾ
ഇത്തവണത്തെ വിദ്യുത് ഫെസ്റ്റിൽ ഏറെ ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരുന്നു അമൃത ബ്ലോക് ക്യാമ്പ് നാഷണൽ ബ്ലോക്‌ചെയിൻ ഹാക്കത്തൺ. തുടർച്ചയായ 30 മണിക്കൂർ മത്സരമായിരുന്നു ഇത്. ഒന്നാം സ്ഥാനക്കാർക്ക് 1 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000 എന്നിങ്ങനെയായിരുന്നു സമ്മാനത്തുക. 5 പേർ വരെയടങ്ങുന്ന ടീം 30 മണിക്കൂറിനുള്ളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമിക്കുകയെന്നതാണ് മത്സരം. ഇവയിൽ മികച്ച മൂന്ന് ടീമുകൾക്കാണ് ക്യാഷ് അവാർഡ് നൽകിയത്. ആയിരത്തിലധികം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പ്രൊഫഷണലുകളുമടക്കം 200 ലധികം പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ കുസാറ്റ് എഞ്ചിനീയറിങ് കോളേജ് ടീം ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാർക്കുള്ള 50,000 രൂപയുടെ കാഷ്അവാർഡിന് കൊഗേഡ്‌സ് എഐ ടീമും 30,000 രൂപസമ്മാനത്തുകയുള്ള മൂന്നാം സ്ഥാനത്തിന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസും അർഹരായി.
വാഹനപ്രേമികളെ ആവേശത്തിലാഴ്ത്താൻ ഓട്ടോ എക്‌സ്‌പോ
ഇത്തവണത്തെ വിദ്യുതിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ഞായറാഴ്ച നടക്കുന്ന ഓട്ടോ എക്‌സ്‌പോയാണ്. വാഹനപ്രേമികൾക്ക് ആവേശമായി സൂപ്പർ കാറുകളും ബൈക്കുകളും വിന്റേജ് വാഹനങ്ങളുമെല്ലാം എക്‌സ്‌പോയിലെത്തും. ലംബോർഗിനി ഹുറാകാൻ, ഡോഡ്ജ് ചാലഞ്ചർ, ഫോർഡ് മസ്താങ് തുടങ്ങിയ കാറുകളും കാവസാക്കി എച്ച് 2, നിഞ്ച 1000, യമഹ ആർ1 തുടങ്ങിയ സൂപ്പർ ബൈക്കുകളും പ്രദർശനത്തിനുണ്ടാകും. ഇതിനു പുറമേ വിന്റേജ് വാഹനങ്ങളുടെയും വിദ്യാർത്ഥികൾ സ്വന്തമായി നിർമിച്ച വാഹനങ്ങളുടെയും പ്രദർശനം ഓട്ടോ എക്‌സ്‌പോയിലുണ്ട്. ഇലക്ട്രിക്് വാഹനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.