കാഞ്ഞങ്ങാട്: മാവിൻ ചുവട്ടിൽ കെട്ടിയ സീതയെ വായിൽ നിന്ന് നുരയും പതയും വരുന്നതും വയർ വീർത്തിരിക്കുന്നതുമാണ് ഉടമയും വീട്ടമ്മയുമായ കലാവതി കണ്ടത്. പശുവിനെ ഉച്ച നേരത്തെ പാൽ കറന്നെടുക്കാൻ ചെന്ന നേരത്തായിരുന്നു പശു അസ്വസ്ഥയാകുന്നത് കലാവതി കണ്ടത്. അരുമയായ സീതയ്ക്ക് പെട്ടെന്ന് എന്തുപറ്റിയെന്ന വേവലതിയായി.
വൈകാതെ തന്നെ കലാവതി മൃഗ ഡോക്ടറെ വിവരം അറിയിച്ചു. മൃഗഡോക്റ്റർ ജിഷ്ണു എത്തി പരിശോധിച്ചപ്പോൾ അന്നനാളത്തിൽ എന്തോ വസ്തു കുടുങ്ങി കിടക്കുകയാണെന്ന് തിരിച്ചറിഞ്ഞു. മാവിൻ ചുവട്ടിൽ കെട്ടിയതു മൂലം മാങ്ങ തിന്നപ്പോൾ കുടുങ്ങിയതാകാൻ സാധ്യതയെന്ന് അദ്ദേഹത്തിന് തോന്നി. തുടർന്ന് ജിഷ്ണു സർജൻ ഡോ. ജി നിതീഷിനെ വിളിച്ചു വരുത്തി.
വായയിൽ കൂടി സ്റ്റോ മച്ച് ട്യൂബ് ഇട്ട് മാങ്ങ പുറത്തെടുക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. പിന്നെ വൈകാതെ സർജറി തിരുമാനിച്ചു. അനസ്തേഷ്യ നൽകി. വീർത്തു കിടന്ന പശുവിന്റെ വയറിൽ ചെറിയ ദ്വാരം ഉണ്ടാക്കി ഗ്യാസ് കളഞ്ഞു. പിന്നീട് കഴുത്തിനോട് ചേർന്ന് ശസ്ത്രക്രിയ ചെയ്ത് മാങ്ങ പുറത്തെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേ കാലിനു തുടങ്ങിയ ശസ്ത്രക്രിയ വൈകുന്നേരം അഞ്ചരയോടെയാണ് പൂർത്തിയായത് നാല് ലെയറുകളിൽ തുന്നിക്കെട്ടുണ്ട് സീത ഇപ്പോൾ ഡോക്ടർമാരുടെയും വിട്ടുകാരുടെയും നിരിക്ഷണത്തിലാണ്. ഏഴ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ സീത സുഖം പ്രാപിച്ചുവരികയാണ്. കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് സംഭവം.