കേരളത്തിലെ നിർണായക റെയിൽവേ തസ്തിക ചെന്നൈയിലേക്ക് മാറ്റി

Advertisement

പത്തനംതിട്ട: കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ (സിഎഒ) ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈ നിർമാണ വിഭാഗം ഓഫിസിലേക്കു മാറ്റി. 2 ചീഫ് എൻജിനീയർ തസ്തികകളാണു കൊച്ചി ഓഫിസിലുള്ളത്.

ചീഫ് അഡ്മിനിട്രേറ്റീവ് ഓഫിസറും ചീഫ് എൻജിനീയർ (സൗത്ത്) ജൂണിൽ വിരമിക്കാനിരിക്കെ ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക കൂടി ഇല്ലാതാകുന്നതോടെ നാഥനില്ലാ കളരിയായി മാറുകയാണ് റെയിൽവേ നിർമാണ വിഭാഗം ഓഫിസ്. റെയിൽവേ പാതകളിലെ വേഗം കൂട്ടുന്ന പദ്ധതികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ തുടങ്ങാനിരിക്കെ പ്രധാന ഉദ്യോഗസ്ഥർ ഇല്ലാത്തത് പദ്ധതികളെ ബാധിക്കും.

ചെന്നൈയിലെ നിർമാണ വിഭാഗം ഓഫിസിൽ ആറ് ചീഫ് എൻജിനീയർമാരുടെ തസ്തിക ഉള്ളപ്പോഴാണു കേരളത്തിന്റെ തസ്തിക അവിടേക്കു മാറ്റുന്നത്. ആറ് ചീഫ് എൻജിനീയർമാർക്കുള്ള പണി തന്നെ തമിഴ്നാട്ടിൽ ഇല്ലെന്നിരിക്കെയാണ് ഈ ധൂർത്ത്. മേയ് രണ്ടിനാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. എറണാകുളം മുതൽ മംഗളൂരു വരെയുള്ള പണികളാണു ചീഫ് എൻജിനീയർ (നോർത്ത്) മേൽനോട്ടം വഹിച്ചിരുന്നത്. മംഗളൂരു–ഷൊർണൂർ പാതയാണു കേരളത്തിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ ആദ്യം ഉയർത്തേണ്ടത്.

എറണാകുളം മുതൽ തിരുനെൽവേലി വരെയുള്ള നിർമാണ ജോലികളാണ് ചീഫ് എൻജീനിയർ (സൗത്ത്) കൈകാര്യം ചെയ്യുന്നത്. എറണാകുളം–തുറവൂർ, തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ, നേമം ടെർമിനൽ നിർമാണം,എറണാകുളം–ഷൊർണൂർ മൂന്നും നാലും പാത, കൊല്ലം, തിരുവനന്തപുരം, വർക്കല, എറണാകുളം, തൃശൂർ, കോഴിക്കോട് സ്റ്റേഷൻ നവീകരണ പദ്ധതികൾ തുടങ്ങിയ പദ്ധതികൾ കേരളത്തിലുണ്ടെന്നിരിക്കെ ഉദ്യോഗസ്ഥരെ കുറയ്ക്കുന്നതു തിരിച്ചടിയാകും.