തിരുവനന്തപുരം: കെൽട്രോണിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. രാവിലെ പത്തു മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ടു വരെ നീണ്ടു. റോഡ് ക്യാമറ അടക്കം കെൽട്രോൺ നടത്തിയ പദ്ധതികളുടെ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. പരിശോധന നടത്താൻ കവടിയാറിലെ ആദായ നികുതി ഓഫിസിൽനിന്ന് രണ്ട് ഉദ്യോഗസ്ഥരാണ് എത്തിയത്.
റോഡ് ക്യാമറയുമായി ബന്ധപ്പെട്ട് മൺവിളയിലെ കെൽട്രോൺ ഓഫിസിലും പരിശോധന നടത്തും. പതിവ് പരിശോധനയാണ് നടന്നതെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. കെൽട്രോൺ നടത്തുന്ന വലിയ ഇടപാടുകളുടെ രേഖകൾ ആദായ നികുതി വകുപ്പ് സ്ഥിരമായി പരിശോധിക്കാറുണ്ട്. നടപ്പാക്കിയ പദ്ധതികളുടെ രേഖകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. റോഡ് ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞതിനാൽ ആ രേഖകളും പരിശോധിച്ചതായി കെൽട്രോൺ അറിയിച്ചു.