സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

Advertisement

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് ശക്തി കൂടിയ ന്യൂനമര്‍ദ്ദം എന്ന നിലയില്‍ നിന്ന് ഇന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. ഈ ചക്രവാതച്ചുഴി മെയ് പത്തോടെ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Advertisement