ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിച്ചു; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്, കേരളത്തെ സാരമായി ബ‍ാധിക്കില്ല

Advertisement

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ചു. പത്തനംതിട്ട, ഇടുക്കി , വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദം വരും മണിക്കൂറുകളിൽ തീവ്രന്യൂനമർദം ആകുമെന്നും നാളയോടെ മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

തുടർന്ന് ബംഗ്ലാദേശ് –മ്യാൻമാർ തീരത്തേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സ്വാധീനഫലമായി വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി , വയനാട് ജില്ലകളിലും യെലോ അലർട്ടുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ജലാശയങ്ങളിലും കടലിലും ഇറങ്ങിയുളള വിനോദസഞ്ചാരത്തിൽ നിയന്ത്രണം പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ രൂപംകെ‍‍ാണ്ട ചക്രവാതം ശക്തമായ ചുഴലിയായി മാറുകയാണെങ്കിലും കേരളത്തെ അത് സാരമായി ബ‍ാധിക്കില്ലെന്നു നിരീക്ഷണം. പെ‍ട്ടന്നെ‍ാരു മാറ്റമുണ്ടായാൽ മഴയുടെ ഗതി മാറും. ചുഴലിയുടെ സ്വാധീനത്തിൽ കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകുമെന്നാണ് കലാവസ്ഥ കേന്ദ്ര (ഐഎംഡി)ത്തിന്റെ അറിയിപ്പ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന.

കാറ്റും മിന്നൽ, ചുഴലിപേ‍ാലുള്ള പ്രതിഭാസവും ഉണ്ടാകാനുള്ള സാധ്യതയും വിവിധ ഏജൻസികളിലെ കലാവസ്ഥ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. വേനൽമഴ ഏറെ കുറവുള്ള വടക്കൻ ജില്ലകളിലും അടുത്ത ദിവസം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ബംഗാൾ ഉൾക്കടലിനും തെക്കൻ ആൻഡമാൻ കടലിനു മുകളിലുമാണ് ചുഴലിക്കു മുൻപുള്ള ന്യൂനമർദ്ദം ശക്തമായിരിക്കുന്നത്. മ്യാൻമറിന്റെ ഭാഗത്തേക്കാണ് നിലവിൽ ചുഴലിയുടെ പാത കാണിക്കുന്നത്. അടുത്തദിവസം അത് അതിശക്തമായ ചുഴലിയായി മാറുമെങ്കിലും അധികദിവസം നീണ്ടുനിൽക്കാൻ സാധ്യതയില്ലെന്നാണ് കെ‍ാച്ചി സർവകലാശാല റഡാർ റിസർച്ച് കേന്ദ്രം കലാവസ്ഥ ശാസ്ത്രജ്ഞൻ എം.ജി.മനേ‍ാജിന്റെ നിരീക്ഷണം. അതിന്റെ ശക്തിയിൽ ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്തേക്കും.

ചുഴലിയുടെ സ്വാധീനത്തിലുണ്ടാകുന്ന മഴയ്ക്കു ശേഷം മഴയില്ലാത്ത ദിവസങ്ങൾക്കുളള സാധ്യതയും നിരീക്ഷിക്കുന്നുണ്ട്. കാലവർഷക്കാറ്റിനെ ചുഴലി സ്വാധീനിക്കാനുളള സാധ്യതയും ഒരു വിഭാഗം കാലാവസ്ഥ വിദഗ്ധർ കാണുന്നു. വേനൽമഴ സീസൺ 30ന് അവസാനിക്കുമെന്നിരിക്കേ, സംസ്ഥാനത്ത് ഇതുവരെ നല്ല മഴ ലഭിച്ചതായാണ് കണക്ക്. വേനൽമഴയിൽ ശരാശരി എട്ടു ശതമാനത്തിന്റെ കുറവാണുള്ളത്. എന്നാൽ, വടക്കൻ ജില്ലകളിൽ മഴ വളരെ കുറവാണെന്നാണ് ഐഎംഡിയുടെ കണക്ക്. കണ്ണൂരിൽ 88%, കേ‍ാഴിക്കേ‍ാട് 80%, കാസർകേ‍ാട് 82 % ശതമാനവുമാണ് മഴക്കുറവ്.

ഇതേസമയം, കേ‍ാട്ടയം ജില്ലയിൽ ഈ സീസണണിൽ ഇതുവരെ ലഭിക്കേണ്ടതിനെക്കാൾ 33 ശതമാനത്തിലധികം മഴ ലഭിച്ചു. ഇടുക്കിയിൽ 21 ശതമാനമാണ് കൂടുതൽ. വയനാട്, പാലക്കാട് ജില്ലകളിലും സാധാരണ പോലെ മഴ ലഭിച്ചു. വടക്കൻ ജില്ലകളിലെ മഴക്കുറവ് വരാൻപേ‍ാകുന്ന ചുഴലിക്കെ‍ാപ്പമുളള മഴയിൽ നികത്തപ്പെടുമെന്നാണ് കണക്കുകൂട്ടൽ.

മധ്യകേരളത്തിലും പെ‍ാതുവേ മേ‍ാശമില്ലാത്ത മഴ പെയ്തു. നാലു ദിവസമായി കടലിൽ ശക്തമായ മഴയും കാറ്റുമുള്ളതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ജലത്തിന്റെ മേൽപ്പാളി തണുത്തതേ‍ാടെ പലയിടത്തും മീനുകൾ ലഭിച്ചു തുടങ്ങി. ചിലയിടത്ത് ചാകരയും ഉണ്ടായി. മത്തിയാണ് കൂടുതൽ ലഭിക്കുന്നത്. ഉത്തരേന്ത്യയിൽ മുൻവർഷങ്ങളിലെ പേ‍ാലെ ഇത്തവണ ഉഷ്ണതരംഗം സാരമായി ഉണ്ടായിട്ടില്ല. ബംഗാൾ ഉൾക്കടലിന്റെ തീരദേശത്ത് ഉഷ്ണതരംഗം അനുഭവപ്പെട്ടു. എന്നാൽ, ഡൽഹി, ഹരിയാന പേ‍ാലുള്ള സംസ്ഥാനങ്ങളി‍ൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ചുഴലിയുടെ മാറിമറിച്ചലുകൾ കാലവർഷക്കാറ്റിന്റെ ഗതിയെ സ്വാധീനിക്കുമേ‍ാ എന്നതാണ് ഏല്ലാവരും ഉറ്റുനേ‍ാക്കുന്നത്.

Advertisement