കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെതിരെ അപവാദ പ്രചാരണം നടത്തിയ കേസിൽ ദമ്പതികളുടെയും യൂ ട്യൂബ് ചാനൽ ഉടമകളുടെയും മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി. യൂട്യൂബ് ചാനൽ പ്രവർത്തകരെ ഏഴ് ദിവസത്തിനകം അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവായി.
കുണ്ടറ പൊലീസ് ഓഫിസർക്കെതിരെ ചന്ദനത്തോപ്പ് സ്വദേശികളായ സ്ത്രീയും ഭർത്താവുമായി യുട്യൂബ് ചാനൽ മുഖേന അപവാദ പ്രചാരണം നടത്തുകയായിരുന്നു. അയൽവാസിക്കെതിരെ സ്ത്രീയുടെ പരാതി അസത്യമെന്ന് കണ്ടെത്തിയതിനാൽ കേസ് എടുക്കാതിരുന്നതിന്റെ വിരോധമാണ് അപവാദ പ്രചാരണത്തിന് കാരണം.
സ്റ്റേഷനിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങളിൽ, പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള സ്ത്രീയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. കൊല്ലം ക്രൈംബ്രാഞ്ച് ദമ്പതികൾക്കും രണ്ട് യു ട്യൂബ് ചാനലുകൾക്കും എതിരെ കേസ് എടുത്ത് അന്വേഷണം നടത്തവെയാണ് പ്രതികൾ മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിച്ചത്. കൊല്ലം അഞ്ചാം അഡിഷനൽ സെഷൻസ് ജഡ്ജി പ്രസന്ന ഗോപൻ, ആറാം അഡിഷനൽ സെഷൻസ് ജഡ്ജി സുധാകാന്ത് എന്നിവരാണ് ജാമ്യാപേക്ഷകൾ തള്ളിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ.സേതുനാഥ് കോടതിയിൽ ഹാജരായി.