ശാസ്‌താംകോട്ട ആശുപത്രിയിലെ മാതൃശുശ്രൂഷ സമുച്ചയം ഉടന്‍ പൂര്‍ത്തീകരിച്ച്‌ കൈമാറണണെന്ന്‌ ആവശ്യം

Advertisement


ശാസ്‌താംകോട്ട: താലൂക്ക്‌ ആശുപത്രിയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന്‌ താലൂക്ക്‌ തല അദാലത്തില്‍ ആവശ്യം, വിഷയത്തില്‍ മന്ത്രിസഭ ഉടന്‍ ഇടപെടണമെന്നും ശാസ്‌താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം തുണ്ടില്‍ നൗഷാദ്‌ ആവശ്യപ്പെട്ടു.

നവീകരണ പ്രവൃത്തികള്‍ക്കായി ആശുപത്രിയുടെ വിവിധ ഭാഗങ്ങള്‍ പൊളിച്ചിട്ടിരിക്കുന്നതിനാല്‍ മിക്ക സേവനങ്ങളും ഇപ്പോള്‍ ഇവിടെ ലഭ്യമാകുന്നില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മാണ പ്രവൃത്തികള്‍ അനന്തമായി നീണ്ടു പോകുന്നതിനാല്‍ ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ചിട്ടുള്ള ആറുകോടി രൂപ നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നും പരാതിയില്‍ പറയുന്നു.

2023 ഡിസംബറിന്‌ മുന്‍പ്‌ ആശുപത്രിയിലെ മാതൃശുശ്രൂഷ സമുച്ചയം പൂര്‍ത്തീകരിച്ച്‌ ദേശീയ ആരോഗ്യ ദൗത്യത്തിന്‌ കൈമാറിയില്ലെങ്കില്‍ നാടിന്‌ കനത്ത നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. പൊതുമരാമത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചുവപ്പ്‌ നാടയില്‍ കുരുങ്ങി വികസനം തടസപ്പെടാതിരിക്കാന്‍ മന്ത്രിസഭയുടെ ഭാഗത്ത്‌ നിന്ന്‌ അടിയന്തര ഇടപെടല്‍ വേണമെന്നും തുണ്ടില്‍ നൗഷാദ്‌ ആവശ്യപ്പെട്ടു.

Advertisement