സൗബിന്‍ ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല; ഫോണ്‍ എടുക്കാറില്ല; ഗുരുതര ആരോപണങ്ങളുമായി ഒമര്‍ ലുലു

Advertisement

നടൻ സൗബിൻ ഷാഹിറിനെതിരെ ആരോപണങ്ങളുമായി സംവിധായകൻ ഒമർ ലുലു. ഡബ്ബിംഗിന് വിളിച്ചാൽ സൗബിൻ വരില്ല, ഫോൺ എടുക്കാറില്ല എന്നാണ് ഒമർ ലുലു പറയുന്നത്. മുതിർന്ന താരങ്ങൾ വരെ ഇങ്ങോട്ട് വിളിച്ച് സംസാരിക്കാറുണ്ട്, യുവ നടന്മാർക്കാണ് പ്രശനം എന്നാണ് ഒമർ ലുലു പ്രതികരിക്കുന്നത്.
”ഇപ്പോൾ വരുന്ന പുതുമുഖങ്ങളാണ് പ്രശ്നം. എന്റെ സിനിമയിൽ സിദ്ദിഖ് ഒക്കെ അഭിനയിച്ചിട്ടുണ്ട്. സിദ്ദിക്ക, ഇടവേള ബാബു ചേട്ടൻ, മുകേഷേട്ടൻ, ഉർവ്വശി ചേച്ചി ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ വരുന്ന സമയം നമ്മളുടെ അടുത്ത് പറയും. അതിന് അനുസരിച്ച് ഷൂട്ട് ചാർട്ട് ചെയ്യാം. വരുന്ന വഴിക്കൊക്കെ ബ്ലോക്ക് ഒക്കെ ഉണ്ടായാൽ അത് പറയും.”
”എനിക്ക് അധികം അനുഭവം ഉണ്ടായിട്ടില്ല. ഞാൻ കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോൺ ചെയ്താൽ പോലും എടുക്കില്ല. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിൻ ആയിട്ട് ഞാൻ അങ്ങനെയാണ് ആദ്യം വിഷയം തുടങ്ങുന്നത്.
”ഡബ്ബിംഗിന് വിളിച്ചാൽ വരില്ല. ഷൈൻ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട്. പോപ്‌കോൺ എന്ന സിനിമ നടക്കുകയാണ്, അപ്പോൾ സൗബിൻ വന്ന് ഡബ്ബ് ചെയ്‌തോ എന്ന് ഷൈൻ എന്നോട് ചോദിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ ഷൈൻ സമ്മതിക്കുമോ എന്നറിയില്ല” എന്നാണ് ഒമർ ലുലു ഒരു അഭിമുഖത്തിൽ പറയുന്നത്.
മലയാള സിനിമയിലെ പല യുവതാരങ്ങൾക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ഒമർ ലുലുവിന്റെ പ്രതികരണം. ഷെയ്ൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും നിലവിൽ സിനിമയിൽ നിന്നും വിലക്കിയിരിക്കുകയാണ്. ആന്റണി വർഗീസിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

Advertisement