സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചു കാലത്തേയ്ക്ക് ഇടവേള എടുക്കുന്നതായി നടി നസ്രിയ ഫഹദ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ ഇക്കാര്യം പുറത്തുവിട്ടത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തിടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇടവേള എടുക്കുമെന്നും നസ്രിയ അറിയിച്ചു.
‘‘എല്ലാ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്‌നേഹവും മിസ് ചെയ്യും. എന്നാല്‍ ഉടനെ തിരിച്ചുവരും’’.- നസ്രിയ കുറിച്ചു.
സിനിമകളില്‍ നിന്ന് ബ്രേക്ക് എടുക്കാറുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു നസ്രിയ. കുടുംബവും സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ 6.8 മില്യനും ഫെയ്സ്ബുക്കിൽ 9.6 മില്യൻ ഫോളോവേഴ്‌സുമാണ് നസ്രിയയ്ക്കുള്ളത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരനാകി’യിലാണ് നസ്രിയ അവസാനം പ്രത്യക്ഷപ്പെട്ടത്.
‘രോമാഞ്ചം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ നസ്രിയ മടങ്ങിയെത്തുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
2006ല്‍ ‘പളുങ്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നസ്രിയ സിനിമാമേഖലയിലേക്ക് കടന്നുവന്നത്.
2013ൽ ‘നേരം’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. പിന്നീട് രാജാറാണി, സലാലാ മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ഓം ശാന്തി ഓശാന , ബാംഗ്ലൂര്‍ ഡെയ്‌സ്, തിരുമണം നിക്കാഹ് തുടങ്ങിയ ചിത്രങ്ങളിലും നസ്രിയ നായികയായി. 2014ല്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. 2014ലായിരുന്നു ചലച്ചിത്രതാരം ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം.