പൊന്നമ്പലമേട്ടിലെ പൂജ: നാരായണ സ്വാമിക്ക് 3 വർഷം വരെ തടവ് ലഭിക്കാം

Advertisement

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശബരിമല പൊന്നമ്പല മേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ തമിഴ്നാട് സ്വദേശി നാരായണ സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്നത് മൂന്നു വർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണിവ. നാരായണ സ്വാമിയെ അറസ്റ്റ് ചെയ്തിട്ടില്ല.

പെരിയാർ ടൈഗർ വെസ്റ്റ് ഡിവിഷനിൽ പമ്പ ഫോറസ്റ്റ് റേഞ്ചിൽ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിലെ പൊന്നമ്പലമേട് റിസർവ് വനത്തിലാണ് നാരായണ സ്വാമിയും കൂട്ടാളികളും അനധികൃതമായി പ്രവേശിച്ചത്. ശബരിമല ക്ഷേത്രവുമായി ആചാരപരമായി അടുത്ത ബന്ധമുള്ള സ്ഥലമാണ് പൊന്നമ്പലമേട്. കേസെടുക്കുന്നതിന് ഏഴു ദിവസങ്ങൾക്കുള്ളിലാണ് സംഭവം നടന്നതെന്ന് ഫോറസ്റ്റ് ഓഫൻസ് റിപ്പോർട്ടിൽ പറയുന്നു. പ്രതിയുടെ മേൽവിലാസം ലഭിച്ചിട്ടില്ല. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പച്ചക്കാനം സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ റിപ്പോർട്ടിൽ വ്യക്തമാക്കി. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപിച്ചത്.

സംരക്ഷിത വനമേഖലയിൽ നിയമവിരുദ്ധമായി അതിക്രമിച്ചു കയറിയാൽ വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 51 അനുസരിച്ച് മൂന്ന് വർഷം വരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. വന്യജീവികൾക്കെതിരെ അതിക്രമം കാണിക്കുകയോ വേട്ടയാടുകയോ ശരീരഭാഗങ്ങൾ കടത്തുകയോ ചെയ്താൽ മൂന്നുവർഷത്തിൽ കുറയാത്തതും ഏഴുവർഷം വരെ നീളുന്നതുമായ തടവു ശിക്ഷയും 10,000 രൂപയിൽ കുറയാത്ത പിഴയും ഈ സെക്‌ഷൻ അനുസരിച്ച് ലഭിക്കും.

1961ലെ കേരള വനനിയമത്തിലെ സെ‌ക്‌ഷൻ 27 അനുസരിച്ച് വനമേഖലയിൽ അതിക്രമിച്ചു കയറിയാൽ ഒരു വർഷത്തിൽ കുറയാത്ത തടവും 5000 രൂപ പിഴയും രണ്ടുംകൂടിയോ ലഭിക്കും. സംരക്ഷിത വനമേഖലയിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമേ അവിടേക്ക് പ്രവേശനം അനുവദിക്കാവൂ എന്നാണ് നിയമം. ചീഫ് ലൈഫ് വാർഡന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ അനുമതിയോടെയും പ്രവേശിക്കാം. കഴിഞ്ഞയാഴ്ചയാണ് നാരായണ സ്വാമിയും സംഘവും പൂജ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് കേസെടുത്തത്.

Advertisement