തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. വായ്പയെടുക്കാനുള്ള ഔദ്യോഗിക അനുമതി ഇതുവരെ നൽകിയില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും മാസം തോറും ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനും ശമ്പളം, പെൻഷൻ കുടിശിക നൽകുന്നതിനും സാഹചര്യമായിട്ടില്ലെന്നാണ് ധനവകുപ്പിൻറെ വാദം.
32,440 കോടി വരെ വായ്പയെടുക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും രേഖാമൂലം അനുമതി ലഭിക്കാതെ വായ്പ എടുക്കാനാകില്ല. ഈ സാമ്പത്തിക വർഷം ഡിസംബർ വരെ 9 മാസത്തേക്കുള്ള അനുമതി കേന്ദ്രം നൽകണം. കഴിഞ്ഞ സാമ്പത്തിക വർഷത്തേതുപോലെ ഇത്തവണയും ഈ വായ്പാ പരിധിയിൽ വെട്ടിക്കുറവ് വരുത്തുമോ എന്നും ധനവകുപ്പിന് ആശങ്കയുണ്ട്.
കഴിഞ്ഞ തവണ 32,400 കോടിയോളം വായ്പയെടുക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയത്. ഇതിൽ 5800 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വായ്പാ പരിധിയിൽ നിന്ന് വെട്ടി. കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയുമെടുത്ത 14,312 കോടി രൂപ വായ്പ നാലുവർഷം കൊണ്ട് കേരളത്തിൻറെ വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കാനായിരുന്നു കേന്ദ്രത്തിൻറെ തീരുമാനം.
സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടെന്ന് സിഎജിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചെലവുകൾ വെട്ടിക്കുറച്ചതോടെയാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്. ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാം എന്നതിനപ്പുറത്തേക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. അതിനാൽ തന്നെ സർക്കാർ ജീവനക്കാരുടെയും യുജിസി അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടർ എന്നിവ ഇപ്പോൾ കൊടുത്തുതീർക്കാനാവില്ല. മാസം തോറും ക്ഷേമപെൻഷൻ വിതരണം ചെയ്യാനും സാഹചര്യമായില്ല. മാർച്ച് മുതലുള്ള മൂന്നു മാസത്തെ ക്ഷേമപെൻഷൻ നൽകാനുണ്ട്.