എസ്എസ്എൽസി സ‍ർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാ‍ർക്കും,പരാതി കോടതിയില്‍

Advertisement

കോഴിക്കോട്.എസ്എസ്എൽസി സ‍ർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാ‍ർക്കും രേഖപ്പെടുത്തണമെന്ന ഹ‍ർജിയിൽ അനുകൂല നിലപാട് വ്യക്തമാക്കി ഹൈക്കോടതി.  വിദ്യാഭ്യാസ  മന്ത്രിക്ക് ലഭിച്ച നിവേദനം ഉടൻ പരിഗണിക്കണമെന്നായിരുന്നു കോടതിയുടെ നി‍‍ർദേശം. കോഴിക്കോട് സ്വദേശിനിയായ കെ കെ പല്ലവിയുടെ പിതാവ് കെ കെ ഷിജിൻ നൽകിയ ഹ‍‍ർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.

എസ്എസ്എൽസി സ‍ർട്ടിഫിക്കറ്റിൽ മാ‍ർക്കും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായാണ് കോക്കല്ലൂ‍‍ർ ഗവ.ഹയ‍ർസെക്കന്ററി സ്കൂൾ വിദ്യാ‍ർത്ഥി കെ കെ പല്ലവിയുടെ പിതാവ്  ഷിജിൻ പരീക്ഷ കമ്മീഷണ‍ർക്ക് കത്ത് നൽകിയത്. പ്ലസ്-ടു മാതൃകയിൽ ഇക്കാര്യം നടപ്പിലാക്കിയാൽ തുട‍‍ർ പഠനത്തിനായുള്ള പ്രവേശനം വിവേചന രഹിതമാകുമെന്നായിരുന്നു പ്രധാന വാദം. വിഷയത്തിൽ സ‍ർക്കാ‍‍ർ ഇടപെടൽ ആവശ്യമെന്ന് കാട്ടി കളക്ട‍‍ർ മറുപടി നൽകിയതോടെ, ഇവ‍ർ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകി. എന്നാൽ, മന്ത്രിയുടെ പരിഗണനയിൽ വിഷയമെത്തിയില്ല. തുട‍ർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിലവിൽ ഗ്രേഡ് മാത്രമാണ് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തുന്നത്. 90  മുതൽ 100 ശതമാനം മാ‍ർക്കുവരെ എ പ്ലസ്, 80 മുതൽ 89 വരെ എ, 70 മുതൽ 79 വരെ ബി പ്ലസ് ഇങ്ങനെ ഇ വരെയുള്ള ഗ്രേഡുകളാണുള്ളത്. ഫലത്തിൽ, 100 ശതമാനം മാ‍ർക്ക് നേടിയാലും 090 ശതമാനം മാർക്കു  നേടിയാലും, എ പ്ലസ് എന്ന പരിഗണനയാണ് ലഭിക്കുക.  ഇത് അശാസ്ത്രീയവും നീതിരഹിതവുമാണെന്ന് ഷിജിൻ തന്റെ ഹ‍ർജിയിൽ വാദിച്ചിരുന്നു. ഈ ഘട്ടത്തിൽ വിഷയം പരിഗണിച്ചാൽ, ഫലം പ്രസിദ്ധീകരിക്കുന്നത് വൈകാൻ സാധ്യതയുണ്ടെന്നായിരുന്നു സ‍ർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുട‍ർന്നാണ്, നടപടിക്രമങ്ങൾ പാലിച്ച്  നിവേദനം  പരിഗണിക്കണമെന്ന കോടതിയുടെ നിർദേശം.