കൊല്ലത്ത് പ്രസവിച്ച ഉടൻ കുഞ്ഞു മരിച്ചു; ഡോക്ടറുടെ അനാസ്ഥയെന്ന പരാതിയെത്തുടർന്ന് കേസ്

Advertisement

കൊല്ലം: ഗവ. വിക്ടോറിയ ആശുപത്രിയിൽ യുവതി പ്രസവിച്ച ഉടൻ കുഞ്ഞ് മരിച്ചു. ഡോക്ടറുടെ അനാസ്ഥ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് അസ്വാഭാവിക മരണത്തിന് ഈസ്റ്റ് പൊലീസ് കേസ് എടുത്തു.

പുനലൂർ മണിയാർ സനോജ് ഭവനിൽ ആർ.സനോജ് കുമാർ– എം.യു.കാർത്തിക ദമ്പതികളുടെ കടിഞ്ഞൂൽ കുഞ്ഞാണ് മരിച്ചത്. മൂന്ന് ദിവസം മുൻപു പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നു വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ച യുവതിയെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുന്നതിൽ ഡോക്ടർ കാണിച്ച അനാസ്ഥയാണ് മരണത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ ആയിരുന്നു കാർത്തികയുടെ (26) ചികിത്സ. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു ശനിയാഴ്ച പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച കാർത്തികയെ രാത്രി എട്ടോടെ വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചു.

അനസ്തീസിയ നൽകുന്ന ഡോക്ടർ അവധിയിൽ ആണെന്നു പറഞ്ഞാണ് കൊല്ലത്തേക്ക് അയച്ചത്. വിക്ടോറിയ ആശുപത്രിയിൽ ഡോക്ടർ പരിശോധിച്ചെങ്കിലും കുഴപ്പമില്ലെന്നും സാധാരണ പ്രസവത്തിനു കാത്തിരിക്കാമെന്നും പറഞ്ഞു.18 നു പ്രസവം നടക്കാനിടയുണ്ടെന്നും ഇന്നലെ രാവിലെ രക്തം കരുതാനും നിർദേശിച്ചതെന്ന് സനോജ് കുമാർ പറഞ്ഞു. എന്നാൽ പുലർച്ചെ മൂന്ന് മണിയോടെ കാർത്തികയെ പ്രസവ മുറിയിലേക്കു മാറ്റി. കാർത്തികയ്ക്കു കൊടുക്കാൻ കട്ടൻകാപ്പി കൊണ്ടുവരാൻ പ്രസവമുറിയുടെ മുന്നിലുണ്ടായിരുന്ന കാർത്തികയുടെ അമ്മ പി.ഉഷയോടു ഡ്യൂട്ടിയിലുണ്ടായിരുന്നവർ പറഞ്ഞു. പുറത്തുപോയി കട്ടൻ കാപ്പി കൊണ്ടു കൊടുത്തെങ്കിലും അര മണിക്കൂറോളം കഴിഞ്ഞപ്പോൾ കുട്ടി മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നുവെന്ന് സനോജ്കുമാർ പറഞ്ഞു.

ഗർഭസ്ഥ ശിശുവിന്റെ വിസർജ്യം പ്രസവത്തിനു മുൻപ് പുറത്തു പോയത് ശ്വാസകോശത്തിൽ കടന്നതാണു മരണകാരണമെന്നാണു ആശുപത്രി അധികൃതരുടെ വിശദീകരണം. അപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. കുട്ടി പുറത്തു വരുമ്പോൾ തന്നെ മരിച്ചിരുന്നു. കുട്ടികളുടെ ഡോക്ടർ ഉൾപ്പെടെ പ്രസവമുറിയിൽ ഉണ്ടായിരുന്നു. അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ആയൂർ അമ്പലംമുക്കിൽ കാർത്തികയുടെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിച്ചു

Advertisement