ജാനമ്മ, വയസ് 65, തൊഴിലുറപ്പ് പണിക്കിടെ നിലംപൊത്തി വീണു, ഒപ്പമുള്ളവരുടെ രക്ഷക്ക് വിളിച്ചുപറഞ്ഞത് ഒരൊറ്റ കാര്യം!

Advertisement

ഹരിപ്പാട്: തൊഴിലുറപ്പ് തൊഴിലാളിയായ ജാനമ്മയുടെ ഇടപെടലിൽ ഹരിപ്പാട് ഒഴിവായത് വൻദുരന്തം. പുരയിടത്തിൽ കാട് തെളിക്കുന്ന ജോലിക്കിടെ പഴയ ടെലിഫോൺ പോസ്റ്റിലെ സ്റ്റേ വയറിൽ നിന്നു ഷോക്കേറ്റു വീണ കിടന്ന വീയപുരം പത്തിശേരിൽ ജാനമ്മ (65) ആണ് സമയോചിതമായ ഇടപെടലിലൂടെ ഒപ്പം പണിയെടുത്തവരുടെ രക്ഷകയായത്. ഷോക്കേറ്റ് വീണ തന്നെ പാമ്പുകടിയേറ്റതാണെന്ന് കരുതി രക്ഷിക്കാനായി എത്തിയവർ അപകടത്തിൽപ്പെടാതിരിക്കാൻ കരുതൽ കാണിച്ച രാജമ്മയുടെ സ്നേഹം ഏവ‍ർക്കും മാതൃകയാണ്.

സംഭവം ഇങ്ങനെ

വീയപുരം ഇലഞ്ഞിക്കൽ വീട്ടിൽ ജോലിക്കെത്തിയതായിരുന്നു ജാനമ്മ. പുരയിടത്തിലെ കാട് തെളിക്കുമ്പോൾ ടെലിഫോൺ പോസ്റ്റിന്റെ സ്റ്റേ വയറിലെ വള്ളികൾ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് താഴെ വീണെങ്കിലും സ്റ്റേ വയറിൽ ഒരു വിരൽ കുടുങ്ങിയ നിലയിലായിരുന്നു. ജാനമ്മയുടെ നിലവിളികേട്ട് വീട്ടുടമസ്ഥ പ്രീതി ഏബ്രഹാമടക്കമുള്ളവർ ഓടിയെത്തി. പാമ്പ് കടിയേറ്റതാണെന്നു വിചാരിച്ച് ജാനമ്മയുടെ അടുത്ത് എത്തിയപ്പോൾ തൊടരുത്, മുളവടി കൊണ്ട് അടിക്ക് എന്നു വിളിച്ചു പറഞ്ഞു. ബഹളം കേട്ട് പ്രീതി ഏബ്രഹാമിന്റെ ഭർത്താവും ബന്ധുക്കളും ഒടിയെത്തിയപ്പോഴും തൊടരുത് എന്നു ജാനമ്മ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ‘തൊടരുത്, മുളവടി കൊണ്ട് അടിക്ക്’ എന്ന ജാനമ്മയടുെ മുൻകരുതലാണ് ഓടിക്കൂടിയവരെയെല്ലാം രക്ഷിച്ചത്.

ഉടൻതന്നെ പ്രീതി സമീപമുണ്ടായിരുന്ന മുളവടികൊണ്ട് അടിച്ച് സ്റ്റേ വയറിൽ നിന്നു വിരൽ മാറ്റി. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. വീട്ടുകാർ കടപ്ര കെ എസ് ഇ ബി ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വീയപുരം ഭാഗത്തേക്കുള്ള ഫീഡർ ഓഫ് ചെയ്ത ശേഷം ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പാഞ്ഞെത്തി. ഉപയോഗിക്കാതെ നിന്നിരുന്ന ടെലിഫോൺ പോസ്റ്റ് ചരിഞ്ഞ നിലയിലായതിനാൽ സമീപമുള്ള വസ്തുവിൽ നിന്നിരുന്ന തെങ്ങിലെ ഓല എൽടി ലൈനിൽ വീണ് ലൈൻ താഴ്ന്നു ടെലിഫോൺ പോസ്റ്റിൽ മുട്ടി കിടന്നതാണ് അപകടകാരണമെന്നു കെ എസ് ഇ ബി ഉദ്യോഗസ്ഥർ പറഞ്ഞു. തെങ്ങിൻറെ ഓലകൾ വെട്ടിമാറ്റുകയും ടെലിഫോൺ പോസ്റ്റ് പിഴുത് മാറ്റുകയും ചെയ്ത് അപകടം സാധ്യത ഒഴിവാക്കിയതായും കെ എസ് ഇ ബി അധികൃതർ പറഞ്ഞു. ടെലിഫോൺ പോസ്റ്റ് ഇരുമ്പായതിനാൽ വൈദ്യുതി പ്രവാഹം ഭൂമിയിലേക്ക് കൂടുതലായി പോയതാണ് മരണത്തിൽ നിന്നു രക്ഷപ്പെടാൻ കാരണമായതെന്നു അധികൃതർ പറഞ്ഞു. ജാനമ്മയുടെ ചൂണ്ടു വിരലിന് പൊള്ളലേറ്റതിനെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Advertisement