കോട്ടയം. ഇക്കരെ താമസം അക്കരെ മാനസം , സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് പിടികൂടി. പാമ്ബാടുംപാറ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷാഹിന്‍ ഷൗക്കത്തിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ കറുകച്ചാല്‍ മേഴ്‌സി ആശുപത്രിയിലെ ഒപിയില്‍ നിന്നാണ് ഡോക്ടറെ പിടികൂടിയത്.
രോഗിയായി വേഷം മാറിയെത്തിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഷാഹിന്‍ ഷൗക്കത്തിനെ പിടികൂടിയത്. കറുകച്ചാലിന് പുറമേ ഈരാറ്റുപേട്ട, എടത്വ എന്നിവിടങ്ങളിലെ ആശുപത്രകളിലും ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നതായാണ് കണ്ടെത്തല്‍.
ബുധനാഴ്ച അവധിയെന്ന് കാണിച്ചാണ് സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.
ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി. ഷാജി എന്‍.ജോസ്, കോട്ടയം വിജിലന്‍സ് യൂണിറ്റിലെ പ്രദീപ് എസ്, ചാണ്ടി തോമസ്, സാബു, ബേസില്‍ ഐസക്ക്, സന്ദീപ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് ഡോക്ടറെ പിടികൂടിയത്.