പ്രളയജലത്തില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ നിലവിളിച്ച് ഒരമ്മ; രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ വൈറല്‍

Advertisement

2018 എന്നത് ഇന്ന് മലയാളിയെ സംബന്ധിച്ച് ദുരന്തപൂര്‍ണ്ണമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. അതിശക്തമായി പെയ്യുന്ന പെരുമഴയ്ക്കൊപ്പം ഡാമുകള്‍ തുറന്ന് വിട്ടതിന് പിന്നാലെ കേരളത്തിലെ വലിയൊരു പ്രദേശം വെള്ളത്തിനടിയിലായി.

ദിവസങ്ങളെടുത്താണ് അന്ന് ആളുകളെ മുങ്ങിപ്പോയ വീടുകളില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇതിനായി മത്സ്യത്തൊഴിലാളികളും സൈന്യവും വരെ രംഗത്തിറങ്ങി. ഇന്ന് അതേ അവസ്ഥയിലൂടെയാണ് ഇറ്റലി കടന്ന് പോകുന്നത്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ മഴയില്‍ 20 ഓളം നദികളാണ് കരകവിഞ്ഞത്. 280 ഓളം ഉരുള്‍പൊട്ടലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇറ്റലിയിലെ സെസീനയില്‍ ഇപ്പോഴും അതിശക്തമായ വെള്ളപ്പൊക്കം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്നു.

അരയ്ക്ക് മുകളില്‍ വെള്ളം കയറിയ ഒരു വീടിന്‍റെ വാതിലിന് സമീപത്ത് സഹായം പ്രതീക്ഷിച്ച് ഒരു കൈയില്‍ കുഞ്ഞുമായി നില്‍ക്കുന്ന ഒരു അമ്മയുടെ കാഴ്ചയില്‍ നിന്നാണ് ഗുഡ് ന്യൂസ് മൂവ്‌മെന്‍റ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ആരംഭിക്കുന്നത്. ‘എന്‍റെ മകളെ രക്ഷിക്കൂ.. സഹായിക്കൂ’ എന്ന് ആ അമ്മ വിളിച്ച് പറയുന്നതിന് പിന്നാലെ ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ അമ്മയ്ക്കും കുഞ്ഞിനും നേര്‍ക്ക് നീന്തിയടുക്കുന്ന രണ്ട് പേരെ കാണാം. ഇവര്‍ അമ്മയുടെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങി മറുകരയിലേക്ക് നീന്തുന്നു. ഇതിനിടെ കുഞ്ഞിനെ വേറൊരാള്‍ക്ക് കൈമാറുന്നതും പിന്നീട് അമ്മയെ രക്ഷപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. പുഴയ്ക്ക് സമാനമായ രീതിയിലാണ് വെള്ളം ഒഴുകുന്നതെങ്കിലും അത് പുഴയല്ലെന്ന് വ്യക്തം.